പാലക്കാട്: പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി സിപിഐഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം. എ വിജയരാഘവന്‍ ഉള്‍പ്പെടെ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
നേരത്തേ പി കെ ശശിയെ കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനത്ത് നിന്ന് ഒഴിയില്ലെന്ന നിലപാടായിരുന്നു പി കെ ശശി സ്വീകരിച്ചത്. പി കെ ശശിക്കെതിരെ ശക്തമായ നിലപാടാണ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നത്. നേരത്തേ പി കെ ശശിക്കെതിരെ ജില്ലാ കമ്മിറ്റി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള പരാതികളെ തുടര്‍ന്ന് പി കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയിലായിരുന്നു നടപടി.
Content highlights- cpim district secretariate against p k sasi