ശസ്ത്രക്രിയക്ക് 12,000 രൂപ കൈക്കൂലി; അടൂർ ജനറൽ ആശുപത്രിയിലെ സർജനെതിരെ പരാതി

അടൂർ താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ വിനീതിനെതിരെയാണ് ആരോപണം

dot image

പത്തനംതിട്ട: ശസ്ത്രക്രിയ ചെയ്യുന്നതിനായി സർക്കാർ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. അടൂർ ജനറൽ ആശുപത്രിയിലെ സർജൻ ഡോ വിനീത് ശസ്ത്രക്രിയയ്ക്കായി പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.

തൻ്റെ സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ തടിപ്പ് മാറ്റാൻ ശസ്ത്രക്രിയ ചെയ്യാൻ പന്ത്രണ്ടായിരം രൂപ ഡോ വിനീത് തന്നോട് ആവശ്യപ്പെട്ടതായും സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നൽകിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മാസം 16 നാണ് അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ വിനീതിനെ കണ്ടു. ചില പരിശോധനകൾ നടത്തി പരിശോധനാ ഫലവുമായി താൻ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാൻ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയിൽ പറയുന്നു.

പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നൽകുകയും ചെയ്തു. പണം നൽകാത്തതിനാൽ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. രേഖാ മൂലം പരാതി സമർപ്പിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം.

പരാതിയെ തുടർന്ന് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും എഐവൈഎഫ് പ്രവർത്തകരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ആശുപത്രി സൂപ്രണ്ടിൻ്റെ മുറിയിൽ കയറി ഉപരോധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സൂപ്രണ്ടിൻ്റെ മുറിയിലേക്ക് കയറാൻ ശ്രമിച്ച എഐവൈഎഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് തടഞ്ഞു.

അതേസമയം ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് കണ്‍സല്‍ട്ടിങിനാണ് തുക ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടർ പറയുന്നത്.

Content Highlights: Doctor demand bribe for surgery in Adoor thaluk hospital

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us