ഓംപ്രകാശിനെതിരായ ലഹരി കേസ്; താരങ്ങൾ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധന

റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന ബോബി ചലപതി എന്നയാളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

dot image

കൊച്ചി: ഗുണ്ടാത്തലവൻ ഓം പ്രകാശ് പ്രതിയായ ലഹരി കേസിൽ ഇയാളുടെ ഫോൺ രേഖകളിൽ പരിശോധന തുടങ്ങി. താരങ്ങൾ ഓം പ്രകാശിനെ നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിൽ അന്വേഷണം നടത്തും. കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാ​ഗ മാർട്ടിനും നേരിട്ട് ഓം പ്രകാശിനെ വിളിച്ചിട്ടുണ്ടോ, ഇതിന് മുൻപും ഇവ‍ർ തമ്മിൽ കോൺടാക്റ്റ് ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്ന ബോബി ചലപതി എന്നയാളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിലെ സ്വകാര്യഹോട്ടലിലെ മൂന്ന് മുറികളാണ് ഓംപ്രകാശും കൂട്ടുപ്രതിയായ ഷിഹാസും എടുത്തിരുന്നത്. ഈ മൂന്ന് മുറികളിൽ ഒരു മുറി ബോബി ചലപതിയുടെ പേരിലായിരുന്നു. ബോബി ചലപതിയുടെ അറിവോടെയാണോ ഓംപ്രകാശ് മുറി എടുത്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഈ ഹോട്ടൽ മുറികളിൽ ഒരു ദിവസം 20ഓളം പേർ സന്ദർശനം നടത്തിയിരുന്നു. ഇതിൽ സംശയം തോന്നി ഹോട്ടൽ അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പൊലീസെത്തി റെയ്ഡ് നടത്തുകയും കൊക്കെയ്ൻ അടങ്ങിയ സിപ് കവറും ഒപ്പം വിദേശ മദ്യകുപ്പികളും കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് ഇപ്പോൾ ബോബി ചലപതിയെ കണ്ടെത്താൻ സാധിച്ചത്.

കേസുമായി ബന്ധപ്പെട്ട് 20ഓളം പേരെയാണ് ഇനി ചോദ്യം ചെയ്യാനുള്ളത്. ഇരുപതോളം പേർ ഹോട്ടൽ മുറികളിൽ സന്ദർശനം നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായുള്ള അന്വേഷണം നടക്കുകയാണ്. അതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ഇവർ താമസിച്ചിരുന്ന മുറിയിൽ രാസലഹരിയുടെ സാന്നിധ്യമുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് ഓം പ്രകാശിന്റെ ജാമ്യം തള്ളമെന്ന ഹർജി അടക്കം പൊലീസ് കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത.

വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓംപ്രകാശിനും ഷിഹാസിനും കോടതി ജാമ്യം നൽകിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചുകഴിഞ്ഞാൽ പൊലീസ് ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകാനാണ് സാധ്യത. ശ്രീനാഥ് ഭാസിക്കും പ്രയാ​ഗ മാർട്ടിനും ചോദ്യചെയ്യലിന് ഉടൻ നോട്ടീസ് അയ്ക്കാനും സാധ്യതയുണ്ട്. കൊക്കയ്ൻ ഉപയോ​ഗിച്ചുകഴിഞ്ഞാൽ ഹെയർറൂട്ടിൽ ഒരാഴ്ചയോളം അതിൻ്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെയെങ്കിൽ ഒരാഴ്ചക്കുള്ളിൽ അവരുടെ മുടിനാരുകൾ ലഭിച്ചുകഴിഞ്ഞാൽ, അത്തരത്തിലുള്ള പരിശോധന നടത്താൻ സാധിച്ചാൽ ഇവർ ലഹരി വസ്തുക്കൾ ഉപയോ​ഗിച്ചിട്ടുണ്ടോയെന്നുള്ള കാര്യത്തിൽ വ്യക്തത വരുത്താനായി സാധിക്കും.

കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പേര് വന്നതിന് പിന്നാലെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാർട്ടിൻ രം​ഗത്തെത്തിയിരുന്നു. 'ഹ..ഹാ..ഹി..ഹു!' എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റാ സ്റ്റോറിയെന്നാണ് ആരാധകർ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവർ ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാർട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

Content Highlights: Investigation Details Of The Case Against Om Prakash

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us