തിരുവനന്തപുരം: ക്യു എസ്-ടൈംസ് റാങ്കിങ്ങുകളില്‍ കേരള, എം ജി സര്‍വകലാശാലകള്‍ക്ക് മികച്ച നേട്ടം. ക്യു എസ് ലോക സര്‍വകലാശാല റാങ്കില്‍ കേരള സര്‍വകലാശാല മികച്ച നേട്ടം കരസ്ഥമാക്കിയപ്പോള്‍ ടൈംസ് റാങ്കിങ്ങിലാണ് എം ജി യൂണിവേഴ്‌സിറ്റി മികവ് നേടിയത്. ലോക റാങ്കിങില്‍ കേരള സര്‍വകലാശാലയ്ക്ക് 339-ാം സ്ഥാനം ലഭിച്ചു. പശ്ചിമേഷ്യന്‍ സര്‍വകലാശാല റാങ്കിങിലും കേരള സര്‍വകലാശാല മികവ് പുലര്‍ത്തി. ഈ വിഭാഗത്തില്‍ കേരള സര്‍വകലാശാല എണ്‍പത്തിയെട്ടാം സ്ഥാനമാണ് നേടിയത്. ടെംസ് ഹയര്‍ എജ്യുക്കേഷന്റെ ലോക സര്‍വകലാശാല റാങ്കിങ്ങില്‍ 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്കാണ് എം ജി സര്‍വകലാശാല മുന്നേറിയത്.
അന്താരാഷ്ട്ര തലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിങ് സംവിധാനമാണ് ക്യു എസ്. സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാര്‍ഥി-അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങളാണ് ക്യു എസ് റാങ്കിങിന് അടിസ്ഥാനമാക്കുന്നത്. ആഗോളതലത്തില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സുപ്രധാന സൂചികകളില്‍ ഒന്നാണ് ക്യു എസ് റാങ്കിങ്.
അധ്യാപനം, ഗവേഷണ അന്തീക്ഷം, ഗവേഷണ മികവ്, രാജ്യാന്തര വീക്ഷണം, വ്യവസായ മേഖലയുമായുള്ള സഹകരണം തുടങ്ങി 18 സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ 2025 വര്‍ഷത്തേക്കുള്ള വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ 401 മുതല്‍ 500 വരെയുള്ള റാങ്ക് വിഭാഗത്തിലേക്കാണ് എംജി സര്‍വകലാശാല മുന്നേറിയത്. 2024ലെ റാങ്കിങ്ങില്‍ 501- 600 റാങ്ക് വിഭാഗത്തിലായിരുന്നു. എംജി സര്‍വകലാശാലയ്ക്കു പുറമെ തമിഴ്നാട്ടിലെ അണ്ണാ സര്‍വകലാശാല, സിമാറ്റ്‌സ് ഡീംഡ് സര്‍വകലാശാല, ഹിമാചല്‍ പ്രദേശിലെ ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് എന്നിവ മാത്രമാണ് 401-500 റാങ്ക് വിഭാഗത്തിലുള്ളത്. 115 രാജ്യങ്ങളില്‍ നിന്നുള്ള 2092 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതാണ് റാങ്ക് പട്ടിക. യുകെയിലെ ഓക്സ്ഫഡ് സര്‍വകലാശാലയ്ക്കാണ് തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ഒന്നാം സ്ഥാനം. ലോകനിലവാരത്തിലേക്ക് ഉയരുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനം പകരുന്നതാണ് കേരള സര്‍വകലാശാലയും എം ജി സര്‍വകലാശാലയും സ്വന്തമാക്കിയിരിക്കുന്ന ആഗോള നേട്ടങ്ങളെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
Content highlights- kerala and m g university touch well level in QS-Times rankings