തിരുവനന്തപുരം: താന്‍ ഓണം ബമ്പര്‍ ലോട്ടറിയെടുത്തിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിജയിച്ചാല്‍ നിങ്ങള്‍ പറയില്ലേ? എന്നായിരുന്നു മന്ത്രിയുടെ മറുപടി. മുന്‍പൊക്കെ സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടായിരുന്നുവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
'നന്നായി വില്‍പ്പന നടന്നു. ഞാന്‍ ലോട്ടറി എടുത്തിട്ടില്ല. എനിക്ക് അടിച്ചാല്‍ നിങ്ങള്‍ പറയില്ലേ. മന്ത്രിയായ ശേഷം എടുത്തിട്ടില്ല. മുന്‍പൊക്കെ എപ്പോഴും എടുക്കാറുണ്ടായിരുന്നു. സോഷ്യല്‍ കമ്മിറ്റ്‌മെന്റിന്റെ ഭാഗമായിട്ടാണ് എടുക്കാറുളളത്,' കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതേസമയം താന്‍ ടിക്കറ്റെടുത്തിട്ടുണ്ടെന്ന് വി കെ പ്രശാന്ത് എംഎല്‍എ പ്രതികരിച്ചു. ഒരെണ്ണമാണ് എടുത്തത്. നോക്കാമെന്നും എംഎല്‍എ പ്രതികരിച്ചു.
ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
ഇന്നലെ വൈകീട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 72 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.