'പ്രധാനമന്ത്രിയെ ജനം നിരാകരിച്ചു', 'ചവറ്റുകൊട്ട്', മാധ്യമധര്‍മ്മത്തിന് യോജിക്കാത്ത പദപ്രയോഗങ്ങൾ: ശ്രീധരൻപിള്ള

ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്ത രീതിയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള

dot image

തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്ത രീതിയെ മുന്‍നിര്‍ത്തിയായിരുന്നു വിമര്‍ശനം. ആര്‍എസ്എസില്‍ നിന്ന് നേരത്തെ തന്നെ രാജി വെച്ച് മറ്റൊരു സംഘടന രൂപീകരിച്ച സുഭാഷ് വേലക്കറിനെ മുന്‍ ആര്‍എസ്എസ് എന്ന് മാധ്യമങ്ങള്‍ അഭിസംബോധന ചെയ്തതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

'ഇന്നലെ രാവിലെ 8 മണി മുതല്‍ 11 മണി വരെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണുന്നതിനുവേണ്ടി മലയാള ചാനലുകള്‍ക്ക് മുന്നിലിരുന്നപ്പോള്‍ കണ്ടതും കേട്ടതുമൊക്കെ എന്നേ ഏറെ വേദനിപ്പിച്ചു. വാര്‍ത്തകളിലും ആഘോഷങ്ങളിലും കൂടി നടത്തിയ ചില പദപ്രയോഗങ്ങളിലെ വൈകാരികതലം മാധ്യമധര്‍മ്മത്തിന് യോജിച്ചതാണോയെന്ന ചിന്ത എന്നെ വല്ലാതെ ആശങ്കപ്പെടുത്തി. 11 മണിക്കുശേഷം ചിത്രമാകെ മാറി. ചവിട്ടിക്കുഴച്ചു വീഴ്ത്തിയോര്‍ വാഴ്ത്തപ്പെട്ടവരായി! സത്യമേവജയതേ,' അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ പല പദപ്രയോഗങ്ങളും ശരിയായില്ലെന്നും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. 1977ലെയും 2004ലെ തിരഞ്ഞെടുപ്പിലെയും മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. 'ഇന്നലെ കേട്ട 'ചവറ്റുകൊട്ട്', 'അടപടലം', 'പ്രധാനമന്ത്രിയെ ജനങ്ങള്‍ നിരാകരിച്ചു' 'ഭീരുത്വത്താല്‍ നരേന്ദ്രമോദി പ്രചരണത്തിനു പോയില്ല' തുടങ്ങി സമയത്തിനും സന്ദര്‍ഭത്തിനും യോജിക്കാത്ത വോയിസ് മോഡുലേഷന്‍ കൊടുത്തത് ലൈവ് ആയി പറയുമ്പോള്‍ ഞാന്‍ ഓര്‍ത്തത് എവിടെ ചെന്ന് നില്‍ക്കുന്നു മാധ്യമരംഗത്തെ മൂല്യച്ചുതി എന്നായിരുന്നു! എന്നും എല്ലായ്പ്പോഴും, പീപ്പിള്‍ ആര്‍ സുപ്രീം എന്നത് മറക്കുവാന്‍ പാടില്ല. ജനാധിപത്യത്തില്‍ ജനവിധി അവര്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടു ഭാഗത്തും ആളുണ്ട്. ഭൂരിപക്ഷ ജനവിധി അംഗീകരിക്കപ്പെടുന്നതാണ് വിജയം. എന്നാല്‍ വാര്‍ത്താ ഫ്‌ളോറില്‍ നിന്ന് ആദ്യ സൂചനകളില്‍ അനുചിതമായ വികാരത്താല്‍ തകര്‍ത്താടുമ്പോള്‍ ആ സമയം നിങ്ങള്‍ പുച്ഛിക്കുന്നത് ജനാധിപത്യത്തിന്റെ സമ്മതി ദാനം രേഖപ്പെടുത്തിയ മറുഭാഗത്തുള്ള ജനങ്ങളെയാണ്', പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ധാര്‍മ്മിക ദിശാബോധം മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൂടാ

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കേരളത്തില്‍ ചില പരിപാടികള്‍ക്കായി ഞാന്‍ ചിലവഴിച്ചിരുന്നു. ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെ അതിന്റെ നാലാം തൂണായ മാധ്യമങ്ങളെ ആശ്രയിച്ചുകൊണ്ടുകൂടിയാണ് നിലനില്‍ക്കുന്നത്. എന്റെ ആദ്യ പരിപാടി കൊടകര സഹൃദയ കോളേജിനോട് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ യുജിസി ഓട്ടോണോമസായി പ്രഖ്യാപിച്ചതിനെ ഉദ്‌ഘോഷിക്കുക എന്നതായിരുന്നു. എന്നാല്‍ അവിടെയുള്ള വൈദികരില്‍ പലരുടെയും മുഖത്ത് ആശങ്കയും അസ്വസ്ഥതയും നിഴലിച്ചതായി എനിക്കു തോന്നി. ഗോവയില്‍ സെന്റ് ഫ്രാന്‍സിസിനോട് ബന്ധപ്പെട്ട ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സുഭാഷ് വേലക്കര്‍ എന്നൊരു നേതാവ് നടത്തിയ ചില പരാമര്‍ശങ്ങളാണ് അവരെ വേദനിപ്പിച്ചതത്രേ. അന്ന് മലയാള പത്രങ്ങളില്‍ ഈ വാര്‍ത്ത വന്നിരുന്നു. അന്നത്തെ എല്ലാ മലയാള പത്രങ്ങളും ഞാന്‍ പരിശോധിച്ചപ്പോള്‍ മുന്‍ ആര്‍എസ്എസ് ഗോവ അദ്ധ്യക്ഷന്‍ വര്‍ഗ്ഗീയസ്പര്‍ദ്ദ സൃഷ്ടിക്കുന്നുവെന്നും വിശുദ്ധ ഫ്രാന്‍സിസിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നുമാണ് പറഞ്ഞിരുന്നത്. എനിക്കാകെ വിഷമം തോന്നി. എനിക്ക് ഈ സുഭാഷിനെ നേരിട്ടറിയില്ലെങ്കിലും ഒന്നര പതിറ്റാണ്ടു മുന്‍പ് ഇങ്ങനെയൊരാള്‍ ആര്‍എസ്എസിനോട് കലഹിച്ചതിനാല്‍ പുറത്താക്കപ്പെട്ട് മറ്റൊരു സംഘടന രൂപീകരിക്കുകയും അതിന്റെ പേരില്‍ അദ്ദേഹം ഗോവ അസംബ്ലിയിലേക്ക് പനാജിയില്‍നിന്ന് മത്സരിച്ച് കേവലം 237 വോട്ടുമാത്രം വാങ്ങി സമൂഹത്താല്‍ നിരാകരിക്കപ്പെട്ട ആളായിരുന്നെന്നും ഓര്‍മ്മിച്ചു. ഇപ്പോള്‍ അദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസ്താവനയുടെ പേരില്‍ ഗോവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി ഒളിവിലാണെന്നും മുന്‍കൂര്‍ ജാമ്യം കിട്ടാനായി ഹരജി ഫയല്‍ ചെയ്തതായും അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞിരുന്നു. ഗോവന്‍ മുഖ്യമന്ത്രിയും കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഈ പ്രതിയെ അറസ്റ്റ് ചെയ്ത് കര്‍ശന നടപടിക്ക് വിധേയമാക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ പ്രസ്തുത സുഭാഷിനെ മുന്‍ ബിജെപി-ആര്‍എസ്എസുകാരനായി ചിത്രീകരിച്ചുകൊണ്ട് ഇപ്പോഴത്തെ സംഘടനയെപ്പറ്റിയോ, മുഖ്യമന്ത്രിയുടെ പ്രസ്താവനയോ മറ്റ് കാര്യങ്ങളോ ഒന്നും കൊടുക്കാതെ കേരളത്തില്‍ ഒട്ടേറെ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുകയാണുണ്ടായത്. ഇത് സദുദ്ദേശത്തോടെയോ സത്യസന്ധതയോടെയോ ഉള്ള വാര്‍ത്താ പ്രസിദ്ധീകരിക്കല്‍ ആണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇന്ത്യാ വിഭജനത്തിന്റെയും കലാപങ്ങളുടെയുമൊക്കെയുള്ള കാലഘട്ടത്തില്‍ ഹിന്ദു മഹാസഭയുടെ ദേശീയ അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചത് ഡോ. എന്‍ സി ചാറ്റര്‍ജിയായിരുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ ബംഗാളില്‍ അദ്ദേഹം ഒരു ഇടതുപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിച്ച് പാര്‍ലമെന്റംഗമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ മകന്‍ സോമനാഥ ചാറ്റര്‍ജിയും അച്ഛന്റെ പാത പിന്തുര്‍ന്ന് ആ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഉന്നത നേതാവായും ലോക്‌സഭാ സ്പീക്കര്‍ പദവിയില്‍വരെ എത്തിപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി പ്രസിഡന്റായിരുന്ന ആള്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് എംഎല്‍എയും എംപിയും മന്ത്രിയുമൊക്കെയായ സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇവരെപ്പറ്റി പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ ഏതെങ്കിലും മാധ്യമക്കാരന്‍ മുന്‍ ഹിന്ദു മഹാസഭാ പ്രസിഡന്റെന്നോ, മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റെന്നോ ഒക്കെ എഴുതി ലേബല്‍ കൊടുത്ത് പ്രസിദ്ധീകരിച്ചാല്‍ അത് എത്ര മാത്രം അപഹാസ്യമാകുമെന്ന് ആലോചിക്കുക.

ഇന്നലെ രാവിലെ 8 മണി മുതല്‍ 11 മണി വരെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കാണുന്നതിനുവേണ്ടി മലയാള ചാനലുകള്‍ക്ക് മുന്നിലിരുന്നപ്പോള്‍ കണ്ടതും കേട്ടതു മൊക്കെ എന്നേ ഏറെ വേദനിപ്പിച്ചു. ഇതൊന്നും നമുക്കിടയില്‍ ഒരിക്കലും വീണ്ടും ആവര്‍ത്തിക്കാതിരിക്കണെയെന്നാണ് എന്റെ പ്രാര്‍ത്ഥന. വാര്‍ത്തകളിലും ആഘോഷങ്ങളിലും കൂടി നടത്തിയ ചില പദപ്രയോഗങ്ങളിലെ വൈകാരികതലം മാധ്യമധര്‍മ്മത്തിന് യോജിച്ചതാണോയെന്ന ചിന്ത എന്നെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരിടത്ത് ഒരു പ്രത്യേക കൂട്ടം സന്തോഷാധിക്യത്താല്‍ പടക്കം പൊട്ടിച്ച് തുടങ്ങിയെന്നൊരു അവതാര കനോ/അവതാരികയോ പറഞ്ഞപ്പോള്‍ ''ആഹാ, നമ്മുടെ സ്റ്റുഡിയോയിലല്ലോ അത്' എന്ന് ചോദിക്കുന്നു. അതായത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരുടെ രാഷ്ട്രീയ ചിന്തയാണ് അവരുടേതുമെന്ന് പറയാതെ പറയുകയല്ലേ ആ മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. ആ വ്യാഖ്യാനം ശരിയോ, തെറ്റോ ആകട്ടെ ആ പ്രവര്‍ത്തി ജനങ്ങളെ സ്വാധീനിക്കും. വാര്‍ത്തകള്‍ സമൃദ്ധമായി കൈകാര്യം ചെയ്തത്, തൂലിക പടവാളാക്കിയ മാധ്യമരംഗത്തെ അതികായര്‍ നമുക്കിടയില്‍ ജീവിച്ചിരുന്നു. 11 മണിക്കുശേഷം ചിത്രമാകെ മാറി. ചവിട്ടിക്കുഴച്ചു വീഴ്ത്തിയോര്‍ വാഴ്ത്തപ്പെട്ടവരായി! സത്യമേവജയതേ !

ഇന്നലെ കേട്ട 'ചവറ്റുകൊട്ട്', 'അടപടലം', 'പ്രധാനമന്ത്രിയെ ജനങ്ങള്‍ നിരാകരിച്ചു' 'ഭീരുത്വത്താല്‍ നരേന്ദ്രമോദി പ്രചരണത്തിനു പോയില്ല' തുടങ്ങി സമയത്തിനും സന്ദര്‍ഭത്തിനും യോജിക്കാത്ത വോയിസ് മോഡുലേഷന്‍ കൊടുത്തത് ലൈവ് ആയി പറയുമ്പോള്‍ ഞാന്‍ ഓര്‍ത്തത് എവിടെ ചെന്ന് നില്‍ക്കുന്നു മാധ്യമരംഗത്തെ മൂല്യച്ചുതി എന്നായിരുന്നു! എന്നും എല്ലായ്പ്പോഴും, പീപ്പിള്‍ ആര്‍ സുപ്രീം എന്നത് മറക്കുവാന്‍ പാടില്ല. ജനാധിപത്യത്തില്‍ ജനവിധി അവര്‍ രേഖപ്പെടുത്തുമ്പോള്‍ രണ്ടു ഭാഗത്തും ആളുണ്ട്. ഭൂരിപക്ഷ ജനവിധി അംഗീകരിക്കപ്പെടുന്നതാണ് വിജയം. എന്നാല്‍ വാര്‍ത്താ ഫ്‌ളോറില്‍ നിന്ന് ആദ്യ സൂചനകളില്‍ അനുചിതമായ വികാരത്താല്‍ തകര്‍ത്താടുമ്പോള്‍ ആ സമയം നിങ്ങള്‍ പുച്ഛിക്കുന്നത് ജനാധിപത്യത്തിന്റെ സമ്മതി ദാനം രേഖപ്പെടുത്തിയ മറുഭാഗത്തുള്ള ജനങ്ങളെയാണ്. അതുപാടുണ്ടോ,

ജനവിധിയെ ഇങ്ങനെയാണോ വിലയിരുത്തേണ്ടത്. ലിവ് ഇന്‍ ദ മൊമെന്റ് എന്നത് ആണോ റിപ്പോര്‍ട്ടിങ്ങിന്റെ റേറ്റിങ് പോളിസി. ജനങ്ങളാണ് സര്‍വ്വാധികാരികള്‍ അവ നാം മറക്കരുത്. സത്യം ചെരിപ്പിടും മുമ്പേ അസത്യം ലോകസഞ്ചാരം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചുകൂടാ! 1977 ലെ തിരഞ്ഞെടുപ്പില്‍ - മാധ്യമങ്ങള്‍ക്ക് എഴുതാന്‍ സ്വാതന്ത്യമില്ലാതിരുന്ന കാലത്ത്-ഇന്ത്യയിലെ ജനങ്ങള്‍ അപ്രതീക്ഷിതമായി നടത്തിയ ജനവിധിയാണ് ഇന്ത്യ ഏറ്റവും മഹത്തായ ജനാധിപത്യരാജ്യമെന്ന് ലോകം വിധിയെഴുതി നമ്മെ വാഴ്ത്തപ്പെട്ടവരാക്കിയത്. ഇന്ത്യയിലെ 10 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരുടെ സമ്മ തിദാനവകാശമാണ് രാജ്യത്തെ രക്ഷിച്ചതെന്നും അന്ന് കേരളം ഏകാധിപത്യത്തെ അരിയിട്ടു വാഴ്ത്തുകയായിരുന്നുവെന്നും ഓര്‍ക്കുക. 2004 ലെ തിരഞ്ഞെടുപ്പില്‍ വാജ്പേയ് സര്‍ക്കാരിനെതിരെ ജനവിധിയുണ്ടാവുകയും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു. അന്ന് ഞാന്‍ എന്റെ പാര്‍ട്ടിയുടെ ഉന്നത ചുമതലക്കാരനായിരുന്നു. കേരളത്തില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമായി രണ്ട് എംപിമാര്‍ എന്‍ഡിഎ ലേബലില്‍ ജയിച്ചതും മന്‍മോഹന്‍സിംഗിന്റെ പാര്‍ട്ടിക്ക് എംപിമാരായി ആരും കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെടാതിരുന്നതും നമ്മുടെ മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നോ? ഇതിനെപ്പറ്റി അന്ന് ഞാന്‍ അധ്യക്ഷനായി (2004ല്‍) നേത്യത്വം കൊടുത്ത കാലത്ത് എന്തായിരുന്നു സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരെങ്കിലും പഠിക്കാന്‍ ശ്രമിച്ചതായി എനിക്കറിയില്ല. രാഷ്ട്രീയം ഒരു കലയാണ്. നേതാക്കളും മാധ്യമങ്ങളും ജനങ്ങളെ പഠിപ്പിച്ച് ഉല്‍ബുദ്ധരാക്കാന്‍ കടപ്പെട്ട അദ്ധ്യാപകരാണ്. പഠിപ്പിക്കേണ്ടവര്‍തന്നെ അതിനു മുതിരുകയോ ജ്ഞാനാര്‍ജ്ജനത്തിന് ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ദുഃഖസത്യം.

ഇപ്പോഴത്തെ ഹരിയാന-ജമ്മുകാശ്മീര്‍ ജനവിധിയും മാധ്യമമേഖലയേയും വ്യാജ പ്രവാചകരേയും കുപ്രചരണക്കാരേയും തോല്‍പ്പിച്ചുകൊണ്ടുള്ളതാണ്. ആരേയും കുറ്റപ്പെടുത്താനല്ല ഇതുവഴി ഉദ്ദേശിക്കുന്നത്. കുറച്ച് കൂടുതല്‍ സത്യസന്ധതയും ധാര്‍മ്മികതയും നിലനിര്‍ത്തികൊണ്ട് മാധ്യമപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുകയും ജനങ്ങളുടെ മനസ്സ് വായിക്കാനും ഉള്‍കൊള്ളാനും തയ്യാറാകാതെ വിഡ്ഢിവേഷമണിയാന്‍ മാധ്യമസുഹൃത്തുക്കള്‍ തയ്യാറാകരുതെന്നുള്ള സന്ദേശവും ഇപ്പോഴത്തെ ജനവിധി നല്‍കുന്നു. സത്യാധിഷ്ഠിതവും വസ്തുനിഷ്ഠവും ഉല്‍പ്പതഷ്ണവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനായി നമുക്ക് കാത്തിരിക്കാം!

Content Highlights: P S Sreedaran Pillai against Media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us