'എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ട്'; മറുപടിയുമായി ഗവര്‍ണര്‍

ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവാര്‍ത്ത ഉയര്‍ത്തി കാട്ടി ഗവര്‍ണര്‍

dot image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരമാര്‍ശത്തില്‍ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ കാര്യങ്ങളും തന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ് വിശദീകരണം നല്‍കാത്തത്.

സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. നിഷേധിക്കുന്നത് കൊണ്ട് കാര്യമില്ല. തെളിവുകള്‍ ഉണ്ടായിട്ടും തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും താന്‍ സംസ്ഥാനത്തിന്റെ ഭരണ തലവനാണെന്നും ദ് ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവാര്‍ത്ത ഉയര്‍ത്തി കാട്ടി ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ എന്തിനാണ് രാജ്ഭവനില്‍ ഇരിക്കുന്നത്? എയര്‍പോര്‍ട്ടിന് പുറത്ത് സ്വര്‍ണം പിടിക്കേണ്ടത് കേരളാ പൊലീസാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകര്‍ന്നു. ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും? പി ആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുകയാണ്. മുഖ്യമന്ത്രിയേയാണോ ഹിന്ദുവിനെയാണോ വിശ്വസിക്കേണ്ടത്? സ്വന്തം രാഷ്ട്രീയത്തില്‍ നിന്ന് പിരിഞ്ഞു പോകുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മുഖ്യമന്ത്രിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ ഗവര്‍ണ്ണര്‍ തെറ്റായി വ്യാഖ്യാനിച്ചു. സ്വര്‍ണ്ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണ്. സ്വര്‍ണ്ണക്കടത്ത് തടയാന്‍ സംസ്ഥാന സര്‍ക്കാരാണ് ജാഗ്രത പാലിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് തടയുന്നതില്‍ കേരളാ പൊലീസിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണ്ണര്‍ ശ്രമിച്ചതെന്നും വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിലുണ്ട്.

മലപ്പുറം വിവാദത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയതോടെ വീണ്ടും പോര്‍മുഖം തുറന്നിരിക്കുകയാണ്. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവര്‍ണറുടെ കത്തില്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാതിരുന്നത്.

Content Highlight: The Governor replied to chief minister

dot image
To advertise here,contact us
dot image