തിരുവനന്തപുരം: 25 കോടിയുടെ ഓണം ബമ്പര്‍ ആര് നേടുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബമ്പര്‍ പ്രകാശനവും ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്കാണ് നറുക്കെടുപ്പ്.
വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
ഇന്നലെ വൈകീട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 72 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. 13,02,860 ടിക്കറ്റുകളാണ് ഇതിനകം ജില്ലയില്‍ വിറ്റുപോയത്. തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്, 9,46,260 ടിക്കറ്റുകള്‍. 8,61,000 ടിക്കറ്റുകളാണ് തൃശൂര്‍ ജില്ലയില്‍ വിറ്റുപോയത്.
Content Highlights: The Thiruvonam Bumper 2024 draw will be held today