ഭാഗ്യം പരീക്ഷിക്കാന്‍ ഒരിക്കല്‍ കൂടി രമേശ് കുമാര്‍; പത്ത് ടിക്കറ്റുകള്‍ കൂടി വാങ്ങി

ആരോഗ്യവകുപ്പിലെ അറ്റന്‍ഡറാണ് രമേശ് കുമാര്‍. 55 ലക്ഷത്തിന്റെ കടബാധ്യതയുള്ള ഇദ്ദേഹം സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കൂടിയാണ് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ എടുത്തത്.

dot image

തൃശൂര്‍: ഓണം ബമ്പര്‍ ലോട്ടറിയില്‍ ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകനായ രമേശ് കുമാര്‍. ഇന്ന് നറുക്കെടുക്കാനിരിക്കുന്ന ഓണം ബമ്പര്‍ ലോട്ടറിയുടെ രമേഷ് കുമാര്‍ വാങ്ങിയ 40 ടിക്കറ്റുകള്‍ മോഷണം പോയിരുന്നു. പിന്നാലെയാണ് പത്ത് ടിക്കറ്റുകള്‍ കൂടി വാങ്ങിയത്.

ആരോഗ്യവകുപ്പിലെ അറ്റന്‍ഡറാണ് രമേശ് കുമാര്‍. 55 ലക്ഷത്തിന്റെ കടബാധ്യതയുള്ള ഇദ്ദേഹം സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ കൂടിയാണ് ഓണം ബമ്പര്‍ ടിക്കറ്റുകള്‍ എടുത്തത്. ഹോള്‍സെയില്‍ നിരക്കില്‍ 16,000 രൂപയ്ക്കാണ് 40 ടിക്കറ്റുകള്‍ വാങ്ങിയത്. ഈ ടിക്കറ്റുകള്‍ക്ക് പുറമെ 3,500 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഒല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രമേശന്‍. തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലോട്ടറികള്‍ മോഷണം പോയത്. പരാതിക്കൊപ്പം ഓണം ബമ്പര്‍ വാങ്ങിയ ബില്ലും പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. വി കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബമ്പറിന്റെ പ്രകാശനം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് കെ എന്‍ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.

ഇന്നലെ വൈകീട്ട് നാല് മണി വരെയുള്ള കണക്കനുസരിച്ച് 72 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image