അടൂർ ജനറൽ ആശുപത്രി; ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടർക്ക് സസ്പെൻഷൻ

ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി. ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു

dot image

പത്തനംതിട്ട: ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ അടൂർ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. വിനീതിനെ സസ്പെൻഡ് ചെയ്തു. ശസ്ത്രക്രിയയ്ക്ക് 12000 രൂപ കൈക്കൂലി ചോദിച്ച സംഭവത്തിലാണ് നടപടി. ഡോക്ടർ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.

തൻ്റെ സഹോദരിയുടെ ചികിൽസയ്ക്കായാണ് ഡോ വിനീതിനെ കണ്ടതെന്നും പുറത്തെ മുഴ മാറ്റാനുള്ള ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഡോ വിനീതുമായുള്ള ഫോൺ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നൽകിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ മാസം 16 നാണ് അടൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വിജയശ്രീയുടെ സഹോദരി വിജയാ ദേവി ചികിത്സ തേടിയെത്തിയത്. പതിനേഴാം തീയതി സർജൻ ഡോ. വിനീതിനെ കണ്ടു. ചില പരിശോധനകൾ നടത്തി പരിശോധനാ ഫലവുമായി താൻ താമസിക്കുന്ന ഇടത്തേക്ക് ചെല്ലാൻ ഡോ.വിനീത് അറിയിച്ചതായും വിജയശ്രീയുടെ പരാതിയിൽ പറയുന്നു.

പരിശോധനാ ഫലവുമായി ഡോക്ടറെ കണ്ടപ്പോഴാണ് ശസ്ത്രക്രിയയ്ക്കായി 12000 രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത ദിവസം ശസ്ത്രക്രിയയ്ക്കായി തീയതി നൽകുകയും ചെയ്തു. പണം നൽകാത്തതിനാൽ ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണത്തിന് സുപ്രണ്ട് തയ്യാറായിട്ടില്ലെന്ന വാദവും പരാതിക്കാരി ഉന്നയിച്ചിരുന്നു.

അതേസമയം പരാതിക്ക് പിന്നാലെ വിമർശനം ശക്തമായതോടെ വിനീതിന് സർജറി ചെയ്യാനുള്ള തീയറ്റർ നൽകിയിട്ടില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. ഡോക്ടർ വിനീത് അസിസ്റ്റൻ്റ് സർജനായിട്ടാണ് ഇവിടെ ജോയിൻ ചെയ്തിരിക്കുന്നത്. തീയറ്റർ ഇല്ലാത്തതിനാലാണ് ഡോക്ടർ വീട്ടിൽവെച്ച് കാണുന്നത്. പ്രൈവറ്റ് പ്രോക്ടീസുമായി നടക്കുന്ന പ്രശ്നമാണ്. സൂപ്രണ്ടെന്ന രീതിയിൽ നടപടി എടുക്കാൻ സാധിക്കില്ല. അന്വേഷണം നടത്തിയ ദിവസം തന്നെ ഡോക്ടർക്ക് ശക്തമായ താക്കീത് നൽകിയിരുന്നുവെന്നും സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ആശുപത്രിയിൽ സർജറി ചെയ്യാൻ പണം ചോദിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് കൺസൽട്ടിങിനാണ് തുക ആവശ്യപ്പെട്ടതെന്നുമാണ് ഡോക്ടർ പറയുന്നത്.

Content Highlight: Doctor suspended for taking bribe for surgery in Pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us