Jan 25, 2025
09:55 PM
ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ തടഞ്ഞെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരിമണല്‍ ഖനനത്തില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
'തോട്ടപ്പള്ളി സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇപ്പോള്‍ അങ്ങോട്ട് പോകേണ്ട എന്ന് പാര്‍ട്ടി പറഞ്ഞു. മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നു. ഇപ്പോള്‍ വേലിക്കെട്ടുകള്‍ ഇല്ല. സംസ്ഥാന വ്യാപകമാക്കേണ്ട വിഷയമാണിത്. കരിമണല്‍ സമരം ആദ്യം ഏറ്റെടുക്കേണ്ടത് കമൂണിസ്റ്റ് പാര്‍ട്ടിയാണ്. സഹായിക്കുന്നില്ലെന്ന് മാത്രമല്ല, സഹായിക്കാന്‍ വരുന്നവരെ വര്‍ഗവഞ്ചകരും കുലം കുത്തികളുമായി മുദ്രകുത്തുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിരോധം കൊണ്ടല്ല. നേതാക്കള്‍ എടുക്കുന്ന നിലപാടുകളോട് വിയോജിപ്പ് പ്രവര്‍ത്തകര്‍ക്കുണ്ട്', അന്‍വര്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ആലപ്പുഴയില്‍ വോട്ടു ചോര്‍ച്ചയ്ക്ക് കാരണം ഇത്തരം നിലപാട് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വികാരങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നും മനുഷ്യത്വ പരമായി പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്ഥാനമായ ഡിഎംകെ ഈ സമരം ഏറ്റെടുക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് നക്‌സസാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം സിപിഐഎമ്മില്‍ നിന്ന് അനുനയ സമീപനമുണ്ടായോ എന്ന ചോദ്യത്തിന് താന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും അന്‍വര്‍ മറുപടി നല്‍കി. തനിക്കിപ്പോള്‍ ജനങ്ങളോട് സംവദിക്കാലോയെന്നും താന്‍ വളരെ സന്തോഷത്തിലാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി ആരോപണത്തിലും അന്‍വര്‍ പ്രതികരിച്ചു. 'ആരോപണം അന്വേഷിക്കാന്‍ എത്തിയ എസ്എഫ്‌ഐഒ എവിടെപ്പോയി. അതാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. എസ്എഫ്‌ഐയെ മാത്രമേ എല്ലാര്‍ക്കും അറിയു', അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: PV Anvar MLA supports Thattappalli strike against black sand mining