'രാഷ്ട്രീയ നേട്ടത്തിന് സംഘത്തിൻ്റെ പേര് വലിച്ചിഴക്കരുത്'; പൂരം കലക്കൽ വിവാദത്തിൽ ആർഎസ്എസ്

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് നിയമസഭയില്‍ നടത്തിയ ആരോപണങ്ങളില്‍ നടപടിക്കൊരുങ്ങി സംഘടന

dot image

തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി ആര്‍എസ്എസ്. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെയാണ് നീക്കം. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും ഉത്തരകേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും പ്രസ്താവനയില്‍ സൂചിപ്പിച്ചു. രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

'തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവര്‍ പറയുന്നത് അപലപനീയമാണ്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണും. ആര്‍എസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളില്‍ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളിലിടപെടാന്‍ ആര്‍എസ്എസിന് സമയമില്ല. താല്‍പര്യവുമില്ല', പി എന്‍ ഈശ്വരന്‍ പറഞ്ഞു.


Content Highlights: RSS ready to take action against allegations made in the assembly that the RSS was behind the Thrissur Pooram controversy

dot image
To advertise here,contact us
dot image