കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രോശിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോ ഡ്രൈവറായ നൗഷാദിന് നേരെയാണ് എസ് ഐ അനൂപിന്റെ ആക്രോശം. വണ്ടിയില്‍ കയറാന്‍ പറഞ്ഞാല്‍ കയറിയാല്‍ മതിയെന്നും കൂടുതലൊന്നും പറയേണ്ടെന്നും എസ് ഐ പറയുന്നുണ്ട്. നൗഷാദിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച എസ് ഐ, ബലം പ്രയോഗിച്ച് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നു എസ് ഐയുടെ നീക്കം.
ഇതിനിടെ താന്‍ ചെയ്ത തെറ്റെന്താണെന്ന് നൗഷാദ് ചോദിക്കുന്നുണ്ട്. താന്‍ ആരെയെങ്കിലും കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നൗഷാദ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ വണ്ടിയില്‍ കയറാന്‍ പറഞ്ഞാല്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞ് നൗഷാദിനെ എസ്ഐ പിടിച്ച് വലിക്കുകയായിരുന്നു. സംഭവത്തില്‍ എസ്ഐ അനൂപിനെതിരെ നൗഷാദ് പൊലീസ് കംപ്ലെയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതി നല്‍കിയിരുന്നു.
എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്തായിരുന്നു ഹൃദ്രോഗികൂടിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. പൊലീസില്‍ നിന്ന് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ശേഷമായിരുന്നു അബ്ദുള്‍ സത്താര്‍ ജീവനൊടുക്കിയത്. പലതവണ സ്റ്റേഷനില്‍ കയറിയിടങ്ങിയിട്ടും മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും തന്റെ വണ്ടി വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്ന് അബ്ദുള്‍ സത്താര്‍ ആരോപിച്ചിരുന്നു, സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എസ് ഐ അനൂപിനേയും ഓട്ടോറിക്ഷ തടഞ്ഞ ഹോം ഗാര്‍ഡിനേയും അന്ന് തന്നെ സ്ഥലം മാറ്റിയിരുന്നു.
Content highlights- A video of si anoop who shout to an auto driver went viral in social media