തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാമും ഇന്റലിജന്‍സ് മേധാവിയായി പി വിജയനും ചുമതലയേറ്റു. ഇന്ന് രാവിലെ പത്ത് മണിക്ക് മനേജ് എബ്രഹാം പേരൂര്‍ക്കടയിലെ ഓഫീസിലും പി വിജയന്‍ പട്ടത്തെ ഓഫീസിലും എത്തിയാണ് ചുമതലയേറ്റത്. എം ആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് മനോജ് എബ്രഹാം ചുമതലയേറ്റത്.
ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായുള്ള മനോജ് എബ്രഹാമിന്റെ സ്ഥാനമാറ്റം. മനോജ് എബ്രഹാമിന്റെ ഒഴിവിലേക്കാണ് പി വിജയന്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതലയേറ്റത്.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോപങ്ങളില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് കൂടി പരിഗണിച്ചാണ് അജിത് കുമാറിനെ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കിയത്.
Content Highlights: Manoj Abraham has taken charge as ADGP in charge of law and order