ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്: ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും, സാമ്പത്തിക ഇടപാടുകളിലും പരിശോധന

ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍

dot image

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ കൊച്ചിയിലെ ലഹരി കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ചോദ്യം ചെയ്യുക. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. ഹോട്ടലില്‍ എത്തിയവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.

നടന്‍ ശ്രീനാഥ് ഭാസിയെ അഞ്ചുമണിക്കൂറും നടി പ്രയാഗ മാര്‍ട്ടിനെ രണ്ടു മണിക്കൂറിലേറെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുഹൃത്ത് വഴിയാണ് ഹോട്ടലില്‍ എത്തിയതെന്നും ഓം പ്രകാശിനെ പരിചയമില്ലെന്നുമാണ് ഇരുവരും നല്‍കിയ മറുപടി. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍.

ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ രാഹലഹരിയുടെ അംശം കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി ഇരുപതോളം പേര്‍ ഓം പ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും കണ്ടെത്തി. ഇതിന് പിന്നാലെയായിരുന്നു താരങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യലിന് ഹാജരായ ശ്രീനാഥ് ഭാസി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഓം പ്രകാശിനെ അറിയില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിട്ടുണ്ട്.

പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞെന്ന് പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് താന്‍ ഓം പ്രകാശിനെ അറിയുന്നത്. ഒരു സ്ഥലത്ത് പോകുമ്പോള്‍ അവിടെ ക്രിമിനലുകളുണ്ടോയെന്ന് ചോദിച്ചിട്ട് പോകാന്‍ പറ്റില്ലല്ലോ, തന്റെ പേരില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ അറിയുന്നുണ്ട്. തീര്‍ച്ചയായും അതിനെ കുറിച്ച് പൊലീസ് ചോദിക്കും. അതിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. രക്തസാമ്പിളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞാല്‍ തയ്യാറാകുമെന്നും ചോദ്യം ചെയ്യല്‍ കഴിഞ്ഞിറങ്ങിയ പ്രയാഗ പ്രതികരിച്ചു.

Content Highlights: More people will be questioned in the case in which Om Prakash is accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us