കോഴിക്കോട്: സർക്കാരിനും കേരളപൊലീസിനും എതിരായ ആരോപണങ്ങൾ തുടർന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. പൊലീസിന്റെ പീഡനത്തിൽ മനംനൊന്താണ് കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്തതെന്ന് അൻവർ ആരോപിച്ചു.
അബ്ദുൾ സത്താറിൻറെ ആത്മഹത്യയിൽ ഡിഎംകെ പ്രവർത്തകരും താനും കുടുംബത്തെ സന്ദർശിക്കുമെന്നും പി വി അൻവർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമായ അഹങ്കാരവും ധിക്കാരവും മനുഷ്യരോടുള്ള ഈ രീതിയിലുള്ള പെരുമാറ്റവും കേരളത്തിൽ തുടരുകയാണ്. പൊതുപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളേയും അപമാനിക്കുന്ന പൊലീസിന്റെ പുതിയ സംസ്കാരം കഴിഞ്ഞ എട്ട് വർഷം കൊണ്ട് ഇടതുപക്ഷ ഗവൺമെന്റ് ഉണ്ടാക്കിയെടുത്തതാണെന്നും അൻവർ ആവർത്തിച്ചു.
അൻവറിൻറെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയമുള്ളവരേ, നാളെ(12/10/2024 ) ന് ശനിയാഴ്ച രാവിലെ 10 ന് കാസർഗോഡ് എത്തുകയാണ്. കോഴിക്കോട് നിന്ന് 6.10 ന് പുറപ്പെടുന്ന ട്രെയിനിലാണ് വരുന്നത്.നമ്മുടെ പ്രിയപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്ന അബ്ദുൽ സത്താർ കേരള പോലീസിന്റെ പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ ആ കുടുംബത്തെ കാണാനാണ് DMK യുടെ പ്രവർത്തകരും ഞാനും അവിടെ എത്തുന്നത് എന്ന വിവരം നിങ്ങളുമായി പങ്ക് വെക്കുന്നു.
പിടിച്ചെടുത്ത ഓട്ടോറിക്ഷ പൊലീസ് വിട്ടു നൽകാത്തതിൽ മനംനൊന്താണ് കാസർകോട് സ്വദേശി അബ്ദുൽ സത്താർ (55) ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുമ്പ് പൊലീസിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് സത്താർ വീഡിയോ പങ്കുവെച്ചിരുന്നു. പൊലീസ് തന്റെ വാക്കുകളെ പാടെ അവഗണിച്ചതിൽ വേദനയുണ്ടെന്ന് വീഡിയോയിൽ പറയുന്നു. ഓട്ടോറിക്ഷയായിരുന്നു ഉപജീവനമാർഗമെന്നും ഓട്ടോ ഇല്ലാത്തതിനാൽ ചെലവിന് ബുദ്ധിമുട്ടുണ്ടെന്നും സത്താർ വീഡിയോയിൽ പറഞ്ഞിരുന്നു. ഒരു പെറ്റിക്കേസിന്റെ പേരിലായിരുന്നു സത്താറിന്റെ ഓട്ടോറിക്ഷ എസ്‌ഐ അനൂപ് കസ്റ്റഡിയിലെടുത്തത്. വാഹനം വിട്ടുകിട്ടുന്നതിനായി പല തവണ സത്താർ സ്റ്റേഷനിൽ കയറിയിറങ്ങിയിരുന്നു. ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഓട്ടോ തിരിച്ചു കിട്ടിയില്ല. തുടർന്ന് തിങ്കളാഴ്ച സത്താർ ആത്മഹത്യ ചെയ്യുകയായിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ചിനാണ് കേസിന്റെ അന്വേഷണച്ചുമതല. ആരോപണ വിധേയനായ എസ് ഐ അനൂപിനെ മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റൊരു ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നടപടി. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
Content Highlights: PV Anvar's allegations against Kerala Police