കൊച്ചി: ഷിരൂരില്‍ മണ്ണിടിയിച്ചിലില്‍ മരിച്ച അര്‍ജുനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ കേരളം ഏറ്റെടുത്ത ഈശ്വര്‍ മാല്‍പെയ്ക്ക് വേണ്ടി കൈകോര്‍ത്ത് റിപ്പോര്‍ട്ടര്‍ ടിവിയും റോട്ടറി ക്ലബ്ബും കൂടെ മനാഫും. ഈശ്വര്‍ മാല്‍പെയുടെ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ ചികിത്സാ ചെലവ് റിപ്പോര്‍ട്ടര്‍ ടിവിയും കോഴിക്കോട്ടെ റോട്ടറി ക്ലബ്ബും ചേര്‍ന്ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈശ്വര്‍ മാല്‍പെയുടെ 23 വയസുകാരനായ മകനും ഏഴ് വയസുകാരിയായ മകള്‍ക്കുമാണ് ചികിത്സ ലഭ്യമാക്കേണ്ടത്. രണ്ട് പേര്‍ക്കും അച്ഛന്റെയും അമ്മയുടെയും സഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് കൃത്യമായി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈശ്വര്‍ മാല്‍പെയെ സഹായിക്കുന്നതിനുള്ള ദൌത്യത്തിന് പിന്തുണ അറിയിച്ച് മനാഫും രംഗത്തെത്തിയിട്ടുണ്ട്.
കുട്ടികളുടെ വീഡിയോ കണ്ടിരുന്നുവെന്നും രണ്ട് പേര്‍ക്കും കൈകാലുകള്‍ക്ക് ബുദ്ധിമുട്ടുള്ളതായാണ് മനസിലാക്കുന്നതെന്നും റോട്ടറി ക്ലബ്ബ് ഭാരവാഹിയും മെയ്ത്ര ആശുപത്രിയിലെ ഡോക്ടറുമായ ഫെബിന്‍ പറഞ്ഞു. കുട്ടികള്‍ക്ക് ന്യൂറോളജിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം. കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. ചിലര്‍ക്ക് വൈകല്യം ഒരേ അവസ്ഥയില്‍ തുടരാം. മറ്റ് ചിലര്‍ക്ക് കൂടി വരുന്നതായി കാണാം. അതില്‍ വൈകല്യം ഒരേ അവസ്ഥയിലുള്ള കുട്ടികളുടെ പ്രശ്‌നം ചികിത്സിച്ച് ഭേദമാക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. വൈകല്യം കൂടി വരുന്നവര്‍ക്ക് ചികിത്സ നല്‍കിയാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. പതിനഞ്ചാം തീയതി ഈശ്വര്‍ മാല്‍പെയുടെ വീട്ടിലെത്തി കുട്ടികളെ സന്ദര്‍ശിക്കും. അതിന് ശേഷം ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
ഭിന്നശേഷി ബാധിച്ച 23കാരനായ മകന്‍ പൂര്‍ണമായും കിടപ്പിലായ അവസ്ഥയിലാണെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. മകള്‍ക്ക് കുറച്ചു ദൂരമൊക്കെ പിടിച്ചു നടക്കാന്‍ സാധിക്കും. അച്ഛനേയും അമ്മയേയും മാത്രമാണ് അവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നത്. കുട്ടികളുടെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു. തനിക്ക് ഇതേ അവസ്ഥയിലുള്ള മറ്റൊരു മകനും ഉണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് 23-ാം വയസില്‍ മകന്‍ മരണപ്പെട്ടുവെന്നും മാല്‍പെ പറഞ്ഞു. ഈശ്വര്‍ മാല്‍പെയുട കുട്ടികള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് മനാഫും അറിയിച്ചിട്ടുണ്ട്. മനാഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നാണ് മനാഫ് അറിയിച്ചത്.
Content Highlights: reporter tv and rotary club tie to help eswar malpe for his children treatment