നേരത്തെ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമെ കേരളത്തിലെ പൂജാ അവധിയിലെ തിരക്ക് കുറയ്ക്കാൻ വീണ്ടും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. തിരുവനന്തപുരം - മംഗലാപുരം റൂട്ടിലാണ് രണ്ട് ട്രെയിനുകളും പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം-മംഗലാപുരം സ്പെഷ്യൽ, കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ സ്പെഷ്യൽ എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനുകൾ.
കൊല്ലം - മംഗലാപുരം സ്പെഷ്യൽ
ഒക്ടോബർ 14ന് രാത്രി 11 മണിക്ക് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 10 മണിയോടെ കൊല്ലത്തെത്തും. ഒക്ടോബർ 15ന് വൈകുന്നേരം 6.55ന് കൊല്ലത്തുനിന്ന് തിരിച്ച് പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം രാവിലെ 7.30ന് മംഗലാപുരത്തെത്തും. 3 തേർഡ് എസി കോച്ചുകൾ, 14 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണുർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് സ്റ്റോപ്പുകൾ.
കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ സ്പെഷ്യൽ
ഒക്ടോബർ 14ന് രാത്രി 9.25ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാവിലെ 9.15ന് മംഗലാപുരത്തെത്തും. തിരിച്ച് ഒക്ടോബർ 15ന് മംഗലാപുരത്തുനിന്ന് രാത്രി 8.10ന് എടുക്കുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 8 മണിയോടെ കൊച്ചുവേളിയെത്തും. 14 ജനറൽ കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷൻ, തൃശൂർ, ഷൊർണുർ ജങ്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.
നേരത്തെ എറണാകുളത്തുനിന്ന് മംഗലാപുരം, കോട്ടയം - ചെന്നൈ സെൻട്രൽ എന്നീ സ്പെഷ്യൽ ട്രെയിനുകളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. അവ നിലവിൽ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെന്നൈ മലയാളികൾക്ക് വലിയ അനുഗ്രഹമായ കോട്ടയം - ചെന്നൈ സെന്റർ സ്പെഷ്യൽ ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് 10,12 തീയതികളിൽ രാത്രി 11.55നാണ് പുറപ്പെടുക. അടുത്ത ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയം എത്തും. കോട്ടയത്തു നിന്ന് ഒക്ടോബർ 11,13 തീയതികളിൽ വൈകുന്നേരം 4.45ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം കാലത്ത് 8.20നാണ് ചെന്നൈ സെൻട്രലിൽ എത്തുക. ആകെ 4 സർവീസുകൾ മാത്രമാണ് ഈ ട്രെയിനിനുള്ളത്. 8 സ്ലീപ്പർ കോച്ചുകളും 10 ജനറൽ കൊച്ചുകളുമാണ് ട്രെയിനിലുണ്ടാകുക. എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Content Highlights: two more special trains announced to clear pooja rush