നിയമസഭ കൗരവസഭയായി മാറുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരം: വി ഡി സതീശൻ

'സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശൻ

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ ​ഗൗരവമായി ബാധിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നും വി ഡി സതീശൻ ചോദിച്ചു. ലാവ്‌ലിൻ കേസ് എത്ര തവണ നിയമസഭ ചർച്ച ചെയ്തിട്ടുണ്ട്. നിയമസഭ കൗരവ സഭയായി മാറുകയാണ്. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ട് കൊടുക്കരുതെന്ന് ജസ്റ്റിസ് ​ഹേമ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. ഒരു സ്ഥലത്തും ജസ്റ്റിസ് ഹേമ അങ്ങിനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. സുപ്രീം കോടതിയുടെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അത് അനുസരിച്ച് വേണം റിപ്പോർട്ട് പുറത്തുവിടേണ്ടത് എന്നാണ് ജസ്റ്റിസ് ഹേമ അറിയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും റിപ്പോർട്ട് പുറത്ത് കൊടുക്കരുതെന്ന് ജസ്റ്റിസ് ഹേമ കത്തെഴുതിയെന്ന് പറഞ്ഞ് നിയമസഭയെ വരെ തെറ്റിദ്ധരിപ്പിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

റിപ്പോർട്ട് നാലര വർഷമായി സർക്കാരിൻ്റെ കൈകളിലാണ്. ലൈംഗിക കുറ്റകൃത്യം ഒളിച്ചുവെച്ചവർക്ക് ആറ് മാസം തടവ് ശിക്ഷ ലഭിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റം ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് അന്വേഷണം നടത്തില്ലെന്ന് സർക്കാർ പറഞ്ഞു. ഹൈക്കോടതി പറഞ്ഞിട്ടും അന്വേഷണം നടത്തുന്നില്ല. സർക്കാറിന്റെ മുന്നിൽ മൊഴി കൊടുക്കാൻ എങ്ങനെ മുന്നോട്ടു വരുമെന്നും ആദ്യം മുതൽ സ്ത്രീവിരുദ്ധ സമീപനമാണ് സർക്കാരിനെന്നും വി ഡി സതീശൻ വിമർശിച്ചു.

ആരും മൊഴി കൊടുക്കാൻ വരുന്നില്ല എന്നാണ് സർക്കാർ വാദം. സാധാരണക്കാരായ സ്ത്രീകൾക്ക് ആത്മവിശ്വാസം സർക്കാർ നൽകണമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് സ‍ർക്കാർ ഉറപ്പ് നൽകിയില്ല. അങ്ങനെ ഒരു ഉറപ്പ് നൽകിയിരുന്നുവെങ്കിൽ പരാതി നൽകാൻ ആളുകള്‍ ക്യൂ നിൽക്കുമായിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Content Highlights: VD Satheesan says that the Legislative Assembly is becoming a Kaurava Sabha

dot image
To advertise here,contact us
dot image