മുതലപ്പൊഴിയിൽ വീണ്ടും അപകടം; ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി, രണ്ട് പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും ബാർജ് അപകടത്തിൽപ്പെടുകയായിരുന്നു

dot image

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ബാർജ് മുതലപ്പൊഴിയിലെ പുലിമുട്ടിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ സാബിർ ഷൈക്ക്, സാദ അലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ നില ഗുരുതരമല്ല.

അഞ്ച് മണിക്കൂറോളമായി ബാർജ് കുടുങ്ങിക്കിടക്കുന്നു. ആദ്യമായാണ് ഒരു ബാർജ് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെടുന്നത്. ചെറുവള്ളങ്ങളിലെത്തി, വടംകെട്ടിയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തിയത്. മുതലപ്പൊഴി അഴിമുഖത്തെ മണൽ നീക്കം ചെയ്ത് കടലിലേക്ക് നിക്ഷേപിക്കാനാണ് ബാർജ് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും കാറ്റിലും ബാർജ് അപകടത്തിൽപ്പെടുകയായിരുന്നു. വേലിയേറ്റമുണ്ടായാൽ മാത്രമേ ബാർജ് ഇനി പുറം കടലിലേക്ക് എത്തിക്കാനാകൂ.


‌‌‌‌അതേസമയം മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്നത് ഒഴിവാക്കാൻ തുറമുഖ വകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്നത് വ്യക്തമാക്കി തുറമുഖവകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിലാണ് അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യവും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 2011 ജനുവരി മുതൽ 2023 ആഗസ്ത് വരെ 66 പേരാണ്‌ മരിച്ചതെന്ന്‌ ഹാർബർ ചീഫ് എൻജിനിയർ കമീഷനെ അറിയിച്ചിരുന്നു.

Content Highlights: Barge boat met accident in Muthalapozhi

dot image
To advertise here,contact us
dot image