വ്യാപക വിമര്‍ശനം; വെര്‍ച്വല്‍ ക്യൂ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍; സ്‌പോട്ട് ബുക്കിങ് അനുവദിച്ചേക്കും

സ്‌പോട്ട് ബുക്കിങ് എണ്ണം കുറച്ചായിരിക്കും നടപ്പിലാക്കുക

dot image

പത്തനംതിട്ട: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍. ഓണ്‍ലൈന്‍ ബുക്കിങിനൊപ്പം സ്‌പോര്‍ട്ട് ബുക്കിങും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. സ്‌പോട്ട് ബുക്കിങ് എണ്ണം കുറച്ചായിരിക്കും നടപ്പിലാക്കുക.

ദിവസവും സ്‌പോട്ട് ബുക്കിംഗ് 5000 വരെ പരിമിതപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. മണ്ഡലകാലം ആരംഭിക്കുന്നത് വരെ സ്‌പോട്ട് ബുക്കിങ് ഉണ്ടെന്ന പ്രഖ്യാപനം നടത്തില്ല. നട തുറക്കുന്ന ദിവസങ്ങളില്‍ പമ്പയില്‍ അതിനുള്ള സൗകര്യം ഒരുക്കാനാണ് തീരുമാനം. ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ബുക്കിങ് മാത്രമായി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിദിനം 80,000 ഓണ്‍ലൈന്‍ ബുക്കിങ് അനുവദിക്കാനായിരുന്നു നിര്‍ദേശിച്ചത്. മകരവിളക്ക് ദിവസങ്ങളില്‍ ഇതില്‍ ചെറിയൊരു ഇളവ് വരുത്തും. ശബരിമലയിലേക്ക് ഭക്തര്‍ കൂടുതല്‍ എത്തുന്നത് ദേവസ്വം ബോര്‍ഡിന് ഗുണം ചെയ്യും. എന്നാല്‍ ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും പരിഗണിക്കണം. അതിന് വെര്‍ച്വല്‍ ക്യൂ ആയിരിക്കും നല്ലതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തി.

വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights- Government will rethink decision of online booking in sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us