'വണ്ടി കുത്തനെ ഇറക്കമിറങ്ങി; കിണറാണെന്ന് മനസിലായില്ല'; വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ്

ഒന്നര മാസം മുന്‍പായിരുന്നു കാര്‍ത്തിക്കിന്റേയും വിസ്മയുടേയും വിവാഹം. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇരുവരും മോചിതരായിട്ടില്ല

dot image

കൊച്ചി: കോഴഞ്ചേരിയില്‍ നവദമ്പതികള്‍ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളം ആലുവ സ്വദേശി കാര്‍ത്തിക്, കൊല്ലം കൊട്ടാരക്കര സ്വദേശിനി വിസ്മയ എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. ഒന്നര മാസം മുന്‍പായിരുന്നു കാര്‍ത്തിക്കിന്റേയും വിസ്മയുടേയും വിവാഹം. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് ഇരുവരും മോചിതരായിട്ടില്ല.

കൊട്ടാരക്കയില്‍ നിന്ന് ആലുവയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായതെന്ന് കാര്‍ത്തിക് പറഞ്ഞു. കോഴഞ്ചേരി കഴിഞ്ഞ് പാങ്കോട് എത്തിയപ്പോള്‍ വണ്ടി വലിയ ഒരു ഇറക്കം ഇറങ്ങി. വിചാരിച്ചതുപോലെ ആയിരുന്നില്ല ആ ഇറക്കം. വണ്ടി ഒരു ഹംപില്‍ കയറി മുകളിലേയ്ക്ക് ഉയര്‍ന്നുപൊങ്ങി. ബ്രേക്ക് പിടിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ ഒരു ബൈക്ക് എതിരെ വന്നു. വണ്ടി വെട്ടിച്ചതോടെ ഒരു മതിലില്‍ ഇടിച്ചു. പിന്നാലെ വണ്ടി കുത്തനെ ഒരു ഇറക്കം ഇറങ്ങി. കിണറാണെന്ന് ആദ്യം മനസിലായില്ല. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോള്‍ വണ്ടി കുടുങ്ങി. വെള്ളം കയറിയപ്പോഴാണ് കിണറ്റിലാണ് പെട്ടതെന്ന് മനസിലായതെന്നും കാര്‍ത്തിക് പറഞ്ഞു.

മുന്‍ ഭാഗത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു. പത്ത് മിനിറ്റോളം കാറിനകത്ത് കുടുങ്ങി. പിന്‍സീറ്റിലൂടെയാണ് പുറത്തിറങ്ങിയത്. പതിനഞ്ച് മിനിറ്റോളം പുറത്ത് ഇറങ്ങി കാറിന് മുകളില്‍ നിന്നു. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുട്ടുവരെ വെള്ളമുണ്ടായിരുന്നു. ഇതിനിടെ നാട്ടുകാരും അവിടേയ്ക്ക് എത്തി. ഫയര്‍ഫോഴ്‌സ് വരുന്നതുവരെ നോക്കാം എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കാര്‍ വീണ്ടും താഴേയ്ക്ക് ഇറങ്ങുമോ എന്ന ഭയം തങ്ങള്‍ പങ്കുവെച്ചു. ഇതോടെ നാട്ടുകാര്‍ ഏണി സംഘടിപ്പിക്കുകയായിരുന്നു. ഏണിയില്‍ കയറി വിസ്മയയാണ് ആദ്യം മുകളിലെത്തിയത്. പിന്നാലെ താനും മുകളിലെത്തി. ഇതിനിടെ കിണറിന്റെ ഭിത്തിയിലെ കല്ല് പൊടിഞ്ഞുവീണതായും കാര്‍ത്തിക് പറഞ്ഞു. കാര്‍ സ്റ്റക്ക് ആയതും സീറ്റ് ബെല്‍റ്റ് ഇട്ടതുമാണ് രക്ഷയായതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Content Highlights- Newly wed couple just escaped from an accident

dot image
To advertise here,contact us
dot image