തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ തോല്‍വിയ്ക്ക് തൃശൂര്‍ പൂരം മാത്രമല്ല കാരണമെന്ന് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പറഞ്ഞു. മണ്ഡലത്തിലെ സിപിഐഎം, സിപിഐ വോട്ടുകളും ചോര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇടതുമുന്നണി എല്ലായ്‌പ്പോഴും ലീഡ് നിലനിര്‍ത്തുന്ന ഏതാണ്ട് 27 ഇടങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടിയേറ്റു. എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്. പൂരം വിവാദം മാത്രമല്ല അങ്ങനെ സംഭവിക്കാന്‍ കാരണമായതെന്ന് കരുതരുതെന്നും സുനില്‍ കുമാര്‍ കൗണ്‍സിലില്‍ പറഞ്ഞു. പലയിടങ്ങളിലും സിപിഐഎം കേഡര്‍മാരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപി വാങ്ങിയെന്ന് തൃശൂരില്‍ നിന്നുള്ള മറ്റൊരു നേതാവ് കൗണ്‍സിലില്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ് വിജയിച്ചത്. തൃശൂര്‍ പൂരം ബോധപൂര്‍വം കലക്കിയതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്ന് ഇടതുപക്ഷ അനുഭാവികളും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. എന്നാല്‍ അത് മാത്രമല്ല തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം എന്ന് സുനില്‍കുമാര്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Story Highlights: VS Sunilkumar told the CPI State Council that Thrissur Pooram was not the only reason for LDF's defeat in Thrissur Lok Sabha constituency