കോഴിക്കോട്: മൊകേരി ഗവ. കോളേജില്‍ യുഡിഎസ്എഫിനെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കാനത്തില്‍ ജമീല എംഎല്‍എയുടെ സ്റ്റാഫ് വൈശാഖ് അടക്കം 60 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എംഎസ്എഫ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന് പുറത്ത് തടിച്ചുകൂടുകയും എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപന മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഷുക്കൂറിന് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയില്ലേയെന്നായിരുന്നു മുദ്രാവാക്യം.
മൊകേരി കോളേജ് യുണിയന്‍ എസ്എഫ്‌ഐ പിടിച്ചെങ്കിലും ചെറിയ മുന്നേറ്റമുണ്ടാക്കാന്‍ യുഡിഎസ്എഫിന് കഴിഞ്ഞിരുന്നു. ഇതും സംഘര്‍ഷത്തിലേക്ക് നയിച്ചെന്നാണ് വിവരം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള യുഡിഎസ്എഫ് പ്രവര്‍ത്തകരെ കോളേജ് തടഞ്ഞുവെക്കുന്ന സ്ഥിതിയുണ്ടായി. വോട്ടെണ്ണലിന് ശേഷം സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ ഹാളില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലെറിയുകയും പുറത്തിറങ്ങാന്‍ സമ്മതിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കുറ്റ്യാടി പൊലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ ഹാളില്‍ നിന്നും പുറത്തിറക്കിയത്.
Content Highlights: case against dyfi workers over hatred speech in Mokeri govt college