ശബരിമല വെർച്വൽ ക്യൂ: എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനത്തിനുള്ള സൗകര്യമുണ്ടാകുമെന്ന് വി എൻ വാസവൻ

ബോധപൂര്‍വം ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടുമെന്നും വാസവന്‍

dot image

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷിതത്വമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ബോധപൂര്‍വം ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടുമെന്നും വാസവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'ഭക്തരുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ ലക്ഷ്യം. ഭക്ത ജനങ്ങള്‍ക്ക് ഒരു വിഷമവുമില്ലാതെ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് എങ്ങനെയാണോ തീര്‍ത്ഥാടനം സുഗമമാക്കേണ്ടത് അത് ദേവസ്വം ബോര്‍ഡ് ചെയ്യും. വരുന്ന ഒരാളെയും തിരിച്ചയക്കില്ലെന്ന് പറയുമ്പോള്‍ കലാപത്തിനുള്ള ഒരു അവസരവുമില്ലല്ലോ. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു അയ്യപ്പഭക്തനെയും തിരിച്ചയക്കുന്ന പ്രശ്‌നമില്ല, ദര്‍ശനം ഉറപ്പാക്കും. ഓണ്‍ലൈന്‍ ബുക്കിങ്ങിന് അക്ഷയ കേന്ദ്രങ്ങള്‍ ഉറപ്പാക്കും. ബോധപൂര്‍വം ആരെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ വന്നാല്‍ നേരിടും', അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ടത്തെ കൃത്യമായി നിയന്ത്രിച്ച് പോകണമെങ്കില്‍ നമ്പറിന്റെ നിശ്ചയവും ക്രമീകരണങ്ങളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്തജനങ്ങള്‍ക്ക് സുരക്ഷിതത്വം വേണം, അവര്‍ക്ക് ദാഹജലം കൊടുക്കണം, ദര്‍ശനത്തിനുള്ള സൗകര്യം വേണം തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഒരുക്കി സുഗമമായ ദര്‍ശനം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഴയും വേനലുമേല്‍ക്കാതിരിക്കാന്‍ റൂഫിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആധുനിക സംവിധാനത്തോട് കൂടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രശ്‌നം പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലെന്നും വി എന്‍ വാസവന്‍ ചോദ്യങ്ങളോട് പ്രതികരിച്ചു. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഒരു ശ്രമം ചില ശക്തികളുടെ ഭാഗത്തുനിന്നുണ്ടായി, ഇതിനെ പൊലീസ് നല്ല രീതിയില്‍ നിയന്ത്രിച്ചെന്നും മന്ത്രി പറഞ്ഞു. കേരള പൊലീസ് വളരെ സമര്‍ത്ഥന്മാരായ പൊലീസുകാരാണെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി പ്രശാന്ത് വ്യക്തമാക്കി. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചിരുന്നു. വിഷയത്തില്‍ ബിജെപിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Devaswom minister V N Vasavan about Virtual queue in Sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us