കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മറ്റൊരു ഡീലിന്റെ ആരംഭമാണോ ഇതെന്ന് സംശയമുണ്ടെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. ഡീല്‍ അനുസരിച്ചാണെങ്കില്‍ എസ്എഫ്‌ഐഒ അന്വേഷണം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം ആരോപിച്ചു.
മൊഴിയെടുക്കലിനെ സംശയിക്കുന്നു. തൃശൂരില്‍ കണ്ടത് പോലെ ഇലക്ഷന് മുമ്പുള്ള പരസ്പര സഹായമാണിത്. ചോദ്യം ചെയ്യല്‍ മാത്രമേ നടക്കുന്നുള്ളൂ. റിസല്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് വീണ വിജയന്റെ മൊഴി എസ്എഫ്‌ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിലെ ഓഫീസിലെത്തിയാണ് വീണ മൊഴി നല്‍കിയത്. കേസില്‍ അന്വേഷണം ഏറ്റെടുത്ത് മാസങ്ങള്‍ക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിന് 2017- 20 കാലയളവില്‍ വലിയ തുക പ്രതിഫലം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
Content Highlights: K Muraleedharan's Response In Veena's Statement Recording