കല്‍പ്പറ്റ: പ്രകൃതിദുരന്തം നടന്ന ചൂരല്‍മലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞ് പ്രദേശ വാസികള്‍. ഉരുള്‍പ്പൊട്ടല്‍ മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ അനിയന്ത്രിതമായി എത്തുന്നുവെന്നാണ് പ്രദേശ വാസികളുടെ ആരോപണം. അവധി ദിവസമായതിനാല്‍ നിരവധി പേരാണ് ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് വരുന്നത്. പ്രദേശവാസികള്‍ക്കൊപ്പം പൊലീസും വാഹനം തടഞ്ഞു.
ചൂരല്‍മലയിലേക്ക് പ്രവേശിക്കാന്‍ കൃത്യമായ പാസ് ആവശ്യമാണ്. എന്നാല്‍ ഈ പാസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് എവിടെ നിന്ന് ലഭിക്കുന്നുവെന്ന് അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്രയും പെട്ടെന്ന് പുനരധിവാസം ഉറപ്പാക്കുക, ഉപജീവന മാര്‍ഗം ഉറപ്പാക്കുകയെന്നതാണ് പ്രദേശ വാസികളുടെ ആവശ്യം. ഇതിന് പകരം 'ഡിസാസ്റ്റര്‍ ടൂറിസം' എന്ന രീതിയില്‍ വിനോദ സഞ്ചാരികളെ കയറ്റിവിടുന്നതിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നത്.
'ഇപ്പോഴും 47ഓളം മൃതശരീരങ്ങള്‍ ലഭിക്കാനുണ്ട്. എത്രത്തോളം സങ്കടത്തിലാണ് ജനങ്ങള്‍ നില്‍ക്കുന്നതെന്ന് ആളുകള്‍ മറന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും മറ്റ് അനുബന്ധ സംവിധാനങ്ങളും അത് മറന്നു. ഇപ്പോള്‍ തന്നെ പത്ത് അമ്പതിലധികം വാഹനങ്ങള്‍ വന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കര്‍ശന നിയന്ത്രണം വേണം', പ്രദേശവാസികള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ വയനാടിനെ വീണ്ടെടുക്കാന്‍ എന്തെങ്കിലും ചെയ്യൂ എന്ന് കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഒക്ടോബര്‍ 18നകം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ വാര്‍ത്തയില്‍ മാധ്യമങ്ങളെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രത്യേകമായ ശ്രദ്ധ വേണമെന്ന് കോടതി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Natives blocked tourists in Chooralmala