ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റ്; തനിക്ക് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി

'കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു'

dot image

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റാണെന്നും തനിക്ക് ഒന്നും മറയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. താൻ പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് ദ ഹിന്ദു ദിനപത്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം കടത്തുമായി ബന്ധപ്പെട്ട് താൻ നടത്തിയത് രാജ്യ വിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെ കുറിച്ചാണ്. പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരത്തിൽ ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. സ്വർണം കടത്ത് രാജ്യ വിരുദ്ധ പ്രവർത്തനമാണ്. വിശ്വാസ്യത ഇല്ലെന്ന പരാമർശത്തിൽ മുഖ്യമന്ത്രി പ്രതിഷേധവും അറിയിച്ചു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നും ​ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയ്യാറല്ലെന്ന് ​സർക്കാർ അറിയിച്ചതോടെ ​ഗവർണർ അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിന് അതേ ഭാഷയിൽ മുഖ്യമന്ത്രി മറുപടിയും നൽകിയിരുന്നു. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്ന് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചിരുന്നു.

ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.  എന്നാൽ പിന്നീട് നിലപാട് മയപ്പെടുത്തി. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം ഔദ്യോഗിക കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ എത്താമെന്ന് ഗവർണർ അറിയിച്ചു.

ഗവർണറുടെ ആരോപണത്തിന് പിന്നാലെ സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. കാലാവധി കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ കെയര്‍ ടേക്കര്‍ ഗവര്‍ണര്‍ മാത്രമാണെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

Content Highlights: pinarayi vijayan replied to the governor that he had nothing to hide

dot image
To advertise here,contact us
dot image