'ടാര്‍ഗറ്റ് വീണയല്ല, പിണറായി വിജയൻ'; എസ്എഫ്‌ഐഒ രഹസ്യാത്മകത സൂക്ഷിക്കുന്ന ഏജൻസിയെന്ന് ഷോൺ ജോർജ്

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ബന്ധമില്ലെന്ന് ബോധ്യപ്പെട്ടില്ലേയെന്ന് ഷോണ്‍ ചോദിച്ചു

dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ടാര്‍ഗറ്റ് വീണയല്ലെന്നും പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. വലിയ അഴിമതി പുറത്ത് വന്നിട്ടും നിയമസഭയില്‍ പൊറാട്ട് നാടകം നടന്നതല്ലാതെ പ്രത്യേകിച്ച് അന്വേഷണം നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെയാണ് താന്‍ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

'കേസ് എവിടെയെത്തുമെന്ന നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ചെയ്തത്. പിണറായി വിജയനെന്ന കള്ളനാണയത്തെ ഏറ്റവും നന്നായി തിരിച്ചറിഞ്ഞിട്ടുള്ള കുടുംബമാണ് എന്റേത്. ഇത്രയും വലിയ അഴിമതി പുറത്ത് വന്നിട്ടും നിയമസഭയില്‍ പൊറാട്ട് നാടകം നടന്നതല്ലാതെ പ്രത്യേകിച്ച് അന്വേഷണമുണ്ടായില്ല. അത്തരമൊരു അന്വേഷണം എങ്ങനെ നടത്താം, ഏത് ഏജന്‍സി അന്വേഷിക്കും എന്ന ചോദ്യത്തിന്റെ ഉത്തരമാണ് എസ്എഫ്‌ഐഒ. എന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ ഓഫീസും വളരെയേറെ ജോലി ചെയ്ത് ഈ രേഖകളെല്ലാം ശേഖരിച്ച് മൂന്ന് മാസത്തിലേറെ ഒരു ഹോം വര്‍ക്ക് നടത്തിയതിന് ശേഷമാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്', അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐഒയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്നും ഡോക്യുമെന്ററി തെളിവുകളോടെ മാത്രം മുന്നോട്ട് പോകുന്ന ഒരു ഏജന്‍സിയാണതെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അവര്‍ ബഹളങ്ങളുടെ ഏജന്‍സിയല്ലെന്നും ഷോണ്‍ പറയുന്നു.

'ആദ്യം അവര്‍ സിഎംആര്‍എല്ലില്‍ റെയ്ഡ് നടത്തി. അതിന് ശേഷം സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അതിന് ശേഷം കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് വീണയിലേക്കെത്തിയത്. മറ്റ് ഘടകങ്ങള്‍ ഒരുമിച്ച് ചേരുന്നിടത്ത് മാത്രമേ വീണയിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. വീണ വിജയന്‍ എന്ന വ്യക്തി ഇതില്‍ ഒന്നുമല്ല. അവര്‍ നടത്തിയത് ഒരു കറക്ക് കമ്പനിയാണ്. അതില്‍ ഒരു പ്രവര്‍ത്തനവുമില്ലാതിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ കമ്പനിക്ക് ആളുകള്‍ പണം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ മുഖ്യമന്ത്രിയുടെ മകളും റിയാസിന്റെ ഭാര്യയുമായതുകൊണ്ടാണ്. അല്ലാതെ അവര്‍ നടത്തിയ എക്‌സാലോജിക് എന്ന കമ്പനി പത്ത് ദിവസം പോലും പ്രവര്‍ത്തിച്ചിട്ടില്ല. പ്രവര്‍ത്തനമില്ലെന്ന് പറഞ്ഞാണ് 2021ല്‍ അവര്‍ കമ്പനി പൂട്ടിക്കെട്ടിയത്. 2019 വരെ ഒരു കോടി 72 ലക്ഷം രൂപയുടെ സേവനം അവര്‍ നല്‍കിയിട്ടില്ല', ഷോണ്‍ പറയുന്നു.

അടുത്ത ഘട്ടത്തില്‍ ഇത് മുഖ്യമന്ത്രിയുടെ അടുത്ത് തന്നെയെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എസ്എഫ്‌ഐഒ അവരുടെ രഹസ്യാത്മകത കാത്തു സൂക്ഷിക്കുന്ന ഏജന്‍സിയാണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ബാന്ധവമില്ലെന്ന് ബോധ്യപ്പെട്ടില്ലേയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Shone George reaction on SFIO questioning Pinarayi Vijayan's daughter Veena

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us