മാധ്യമങ്ങളും പൊലീസും വേട്ടയാടുന്നു; ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു

dot image

കൊച്ചി: മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ പരാതി. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി ഡിജിപി കൊച്ചി സിറ്റി പൊലീസിന് കൈമാറി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.

അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസവും സിദ്ദിഖ് ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. ബാങ്ക് രേഖകള്‍ മാത്രമാണ് സിദ്ദിഖ് ഹാജരാക്കിയത്. ബലാത്സംഗ പരാതി നല്‍കിയ നടിയുമായി താന്‍ ഇതുവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറാണ് നീണ്ടുനിന്നത്.

കേസില്‍ രണ്ടാം തവണയാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഡിജിറ്റല്‍ തെളിവുകള്‍ സിദ്ദിഖ് ഹാജരാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ ഹാജരാകുമ്പോള്‍ കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിദ്ദിഖിന്റെ മറുപടി തൃപ്തികരമല്ലെന്ന് അന്വേഷണ സംഘം പറയുന്നു. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന കാര്യം സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുമെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു.

Content Highlights: Siddique complaint against police and media

dot image
To advertise here,contact us
dot image