'ചോദ്യം ചെയ്യല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ട്'; എസ്എഫ്‌ഐഒ അന്വേഷണം പ്രഹസനമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

സിപിഐഎം-ബിജെപി ബാന്ധവമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കാണിച്ച അതേ അഭ്യാസം തന്നെ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍

dot image

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ ചോദ്യം ചെയ്ത വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടിയാണെന്ന് സതീശന്‍ പറഞ്ഞു. അന്വേഷണം പ്രഹസനമാണെന്നും സ്വഭാവികമായ നടപടിക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

'ചോദ്യം ചെയ്യല്‍ ഒരു സ്വാഭാവിക നടപടിക്രമമാണ്. അതിനപ്പുറം അതിലൊന്നും കാണുന്നില്ല. പത്തുമാസം ഇതില്‍ ഒരു അന്വേഷണം നടന്നിട്ടില്ല. ചോദ്യം ചെയ്യല്‍ വളരെ ഗൗരവത്തോടു കൂടി അന്വേഷണം നടക്കുന്നതിന്റെ സൂചനയല്ല. അന്വേഷണങ്ങളെല്ലാം പ്രഹസനമാണ്. ഇതേ രീതിയില്‍ കരുവന്നൂരിനെക്കുറിച്ച് നിങ്ങള്‍ ചോദിച്ചപ്പോള്‍ ഒന്നും നടക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കരുവന്നൂര്‍ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. എല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. രണ്ട് ഉപതിരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്ത വന്നിരിക്കുകയാണ്. അതിന് തൊട്ടുമുമ്പാണ് ഇത് വന്നിരിക്കുന്നത്. സിപിഐഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കുകയാണ്. കരുവന്നൂരിലും ഇതേ രീതിയെടുത്തിട്ടാണ് തൃശൂരില്‍ പരസ്പരം അഡ്ജസ്റ്റ്‌മെന്റ് നടത്തിയിട്ടുള്ളത്,' അദ്ദേഹം പറഞ്ഞു.

സിപിഐഎം-ബിജെപി ബാന്ധവമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് കാണിച്ച അതേ അഭ്യാസം തന്നെ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു അന്വേഷണവും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തില്ല. തിരിച്ച് അവരും സഹായിക്കുന്നു. പിണറായി വിജയന്‍ നന്ദിയുള്ളയാളാണ്. ഇങ്ങോട്ടും ഇത്രയും സഹായം ചെയ്തപ്പോള്‍ കുഴല്‍പ്പണക്കേസിലും മഞ്ചേശ്വരത്തെ കേസിലും സുരേന്ദ്രനെ സഹായിച്ചു. ഹൈക്കോടതിയില്‍ നടന്ന കേസില്‍ മറ്റ് അന്വേഷണം നടക്കാതിരിക്കാനാണ് സര്‍ക്കാര്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുമെന്ന് പറഞ്ഞത്. ഈ കേസില്‍ എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്തുള്ള നാടകമാണിത്', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: V D Satheesan on SFIO questioning Pinarayi Vijayan s daughter Veena Vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us