കൊച്ചി: കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇനി പ്രതികരിക്കില്ലെന്ന് മൂന്നാഴ്ച മുമ്പ് വാക്ക് പറഞ്ഞതാണെന്നും അത് താൻ പാലിച്ചെന്നും നടൻ ബാല. ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. എന്റെ കണ്ണിൽ നിന്നും വീണ കണ്ണീരിന്റെ കണക്ക് ദൈവം ചോദിക്കുമെന്നും ഇനി പ്രതികരിക്കുമെന്നും ബാല പറഞ്ഞു.
'മൂന്നാഴ്ച മുമ്പ് ഞാൻ വാക്കുപറഞ്ഞതാണ് കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരില്ലെന്ന്. ഇപ്പോൾ ആരാണ് കളിക്കുന്നത്, ഞാനാണോ? ആരാ കേസ് കൊടുത്തിരിക്കുന്നത്. എന്റെ വാക്ക് വാക്കായിരിക്കും. ഇത് വാശിയല്ല. എന്തിനുവേണ്ടിയാണിതെന്ന് എല്ലാവർക്കുമറിയാം', എന്നായിരുന്നു ബാലയുടെ പ്രതികരണം.
മുൻ ഭാര്യയുടെ പരാതിയിൽ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര പൊലീസാണ് ബാലയെ അറസ്റ്റ് ചെയ്തത്. മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. പുലർച്ചെ പാലാരിവട്ടത്തുള്ള വീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
അതേസമയം, ബാലയ്‌ക്കെതിരെയുള്ള പരാതി വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളിലാണെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. അറസ്റ്റിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും ഫാത്തിമ വ്യക്തമാക്കി. പൊലീസുമായി സഹകരിക്കുന്നൊരാളാണ് ബാലയെന്നും 41 എ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മതിയായിരുന്നുവെന്നും അവർ പറഞ്ഞു. മുൻ ഭാര്യക്കെതിരെ ബാല ഹൈക്കോടതിയെ സമീപിച്ചുവെന്നും അഭിഭാഷക വ്യക്തമാക്കി.
Content Highlights: Actor Bala said that he had promised three weeks ago that he would not respond again