വെർച്വൽ അറസ്റ്റെന്നറിയിച്ചു, ആധാർ വിവരങ്ങൾ ശേഖരിച്ചിരുന്നു: സാമ്പത്തിക തട്ടിപ്പിന് ശ്രമം നടന്നെന്ന് മാല പാർവതി

പൊലീസിൽ പരാതി നൽകുമെന്ന് മാല പാർവതി അറിയിച്ചതോടെ കോൾ കട്ട് ചെയ്തു

dot image

കൊച്ചി: നടി മാല പാർവതിയിൽ നിന്ന് സാമ്പത്തിക തട്ടിപ്പിന് ശ്രമം. വെർച്വൽ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചായിരുന്നു പണം തട്ടാനുള്ള ശ്രമം. കൊറിയർ തടഞ്ഞു വെച്ചുവെന്നായിരുന്നു മുംബൈയിൽ നിന്നുള്ള ഫോൺ സന്ദേശം. മാല പാർവതിയുടെ ആധാർ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്. പൊലീസിൽ പരാതി നൽകുമെന്ന് മാല പാർവതി അറിയിച്ചതോടെ കോൾ കട്ട് ചെയ്തു. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും മാല പാർവതി പറഞ്ഞു.

മധുരയിൽ ഷൂട്ടിങ്ങിലായിരുന്നുവെന്നും രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ശേഷം രാവിലെ 10 മണിയോടെയായിരുന്നു കോൾ വന്നതെന്നും നടി പറഞ്ഞു. 'കൊറിയർ പിടിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു കോളിൽ പറഞ്ഞത്. വിക്രം സിങ് എന്ന ആളാണ് സംസാരിച്ചത്. തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു.

അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ തുടങ്ങിയവയായിരുന്നു പാക്കേജിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാൻ ഐഡി കാർഡ് അടക്കം അവർ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവിൽ ഇരുത്തുകയായിരുന്നു. സംഭവത്തിൽ ബോംബെയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാർ പറഞ്ഞു. വാട്സാപ്പിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ ഡി കാർഡ് ഗൂഗിളിൽ പരിശോധിച്ചു.

ഐ ഡി കാർഡിൽ അശോകസ്തംഭം കാണാത്തതിനാൽ സംശയം തോന്നി. ട്രാപ്പ് ആണെന്ന് മാനേജർ അപ്പോൾ തന്നെ പറയുന്നുണ്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവർ കോൾ കട്ടാക്കി പോയി', മാല പാർവതി പറഞ്ഞു. 72 മണിക്കൂർ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവർ പറഞ്ഞതെന്നും മാലാ പാർവതി പറഞ്ഞു.

Content Highlights: cyber fraud against maala parvathy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us