തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് കടുക്കുന്നു. പി ആര്‍ വിവാദത്തില്‍ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. വിവാദ അഭിമുഖം നല്‍കിയ പത്രത്തിനെതിരെയും, പി ആര്‍ ഏജന്‍സിക്കുമെതിരെ നിയമനടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ചൂണ്ടിക്കാട്ടി ആരോപണം കടുപ്പിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
മലപ്പുറത്തിനെതിരായ വിവാദ പ്രസ്താവനയില്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ വാക്കുകളില്‍ കടുത്ത വിമര്‍ശനവും അമര്‍ഷവും അറിയിച്ചായിരുന്നു മറുപടി കത്ത്. തനിക്ക് ഒന്നും മറയ്ക്കാന്‍ ഇല്ലെന്നും കത്തില്‍ പറയാത്ത കാര്യങ്ങള്‍ ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മറുപടി കത്തിന് കാലതാമസമുണ്ടായത് വിവരങ്ങള്‍ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങള്‍ കൈമാറണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ഗവര്‍ണര്‍ അതിരൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തോ ഒളിച്ചുവെക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്തിന് അതേ ഭാഷയില്‍ മുഖ്യമന്ത്രി മറുപടിയും നല്‍കുകയായിരുന്നു.
Content Highlight: Governor May Reply To CM Pinarayi Vijayan over PR Controversy