ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നുമാണ് എസ്ഐടിയ്ക്ക് കോടതിയുടെ നിർദേശം

dot image

കൊച്ചി: ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പരാതിക്കാരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പരാതിക്കാരുടെ പേര് മറയ്ക്കണം. രേഖകള്‍ പ്രസിദ്ധപ്പെടുത്തരുത്. കേസ് രേഖകള്‍ മറ്റാര്‍ക്കും നല്‍കരുതെന്നും എസ്‌ഐടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കര്‍ശന നിര്‍ദ്ദേശം. ഹേമ കമ്മിറ്റിക്ക് മുന്നിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസെടുക്കാവുന്നവയാണെന്ന് കോടതി പറഞ്ഞു. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചതിന് ശേഷമാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർ​ദേശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. എഎഫ്ഐആറിലും എഫ്ഐഎസിലും പരാതിക്കാരുടെ പേര് മറക്കണമെന്നാണ് ഹൈക്കോടതി നിർദേശം. എഫ്ഐആർ, എഫ്ഐഎസ് പോലുള്ള രേഖകൾ പ്രസിദ്ധപ്പെടുത്തരുത്, കേരള പൊലീസിൻ്റെ വെബ് സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷി മൊഴികൾ ഉൾപ്പെട്ട രേഖകൾ മറ്റാർക്കും നൽകരുത്. എന്തെങ്കിലും രേഖകൾ ആർക്കെങ്കിലും നൽകുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് മാത്രമെ നൽകാവൂ എന്ന കർശനമായ നിർ​ദേശമാണ് ഇടക്കാല ഉത്തരവിലൂടെ കോടതി നൽകിയിരിക്കുന്നത്.

Also Read:

പ്രതിക്ക് രേഖകള്‍ നല്‍കുന്നത് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം മതിയെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി മുന്നോട്ട് പോകാനാകുമോയെന്ന് എസ്ഐടി പരിശോധിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി എസ്‌ഐടിക്ക് മുന്നോട്ടുപോകാമെന്നും അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാമെന്നും കോടതി നിർദേശിച്ചു. മൊഴി നല്‍കാന്‍ ആരെയും എസ്‌ഐടി നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. അതിജീവിതര്‍ സഹകരിക്കുന്നില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാവുന്നതാണ്.

ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തില്‍ എസ്‌ഐടിയ്ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമാ മേഖലയിലെ മറ്റ് തൊഴിലിടങ്ങളിലെയും ലഹരി ഉപയോഗവും അന്വേഷിക്കണം. ലഹരി ഉപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും എസ്‌ഐടിക്ക് കോടതിയുടെ നിര്‍ദേശമുണ്ട്. എസ്‌ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണം എന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശം.

Content Highlights: High Court not to release details of complainants related to Hema Committee

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us