ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണം,വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദൻ

നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവില്‍ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കും. അത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ​ഗോവിന്ദന്‍ ആരോപിച്ചു.

എല്ലാവര്‍ക്കും ശബരിമല ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടാകുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ശബരി മലയില്‍ എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കണം. ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ആളുകള്‍ക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മഹാഭൂരിപക്ഷവും വിശ്വാസികളാണ്. തങ്ങള്‍ വിശ്വാസിക്ക് എതിരല്ല. ഒപ്പമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. ഒരു വിശ്വാസിയും വര്‍ഗീയവാദിയല്ല. വര്‍ഗീയവാദിക്ക് വിശ്വാസവുമില്ല. വര്‍ഗീയവാദി മതദ്രുവീകരണത്തിന് വേണ്ടി ആയുധമായി വിശ്വാസം ഉപയോഗിക്കുന്നു. വര്‍ഗീയതക്കെതിരായ കരുത്തുറ്റ ശക്തി വിശ്വാസികളാണ്. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ​ഗോവിന്ദന്‍ പറഞ്ഞു. ശബരിമലയില്‍ പോകുന്നതില്‍ നല്ലൊരു വിഭാഗം സിപിഐഎമ്മുകാരാണ്. കാരണം സമൂഹത്തിലെ വലിയൊരു വിഭാഗം സിപിഐഎമ്മുകാരാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യം വെച്ച് ഗൂഢാലോചന നടക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഇതിന് മാധ്യമശംഖ്യലയുടെ പിന്തുണയുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സിപിഐഎമ്മിന് സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് ജയിക്കാനാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. മൂന്നാം തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും.

മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് മഴവില്‍ മുന്നണി ഉണ്ടാക്കിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതില്‍ വര്‍ഗീയ കക്ഷികളും ഉണ്ട്. ചരിത്രത്തില്‍ ഇല്ലാത്ത അപവാദവും കള്ളവും പ്രചരിപ്പിക്കുന്നുണ്ട്. പിണറായി വിജയനും കുടുംബത്തിനും എതിരായുള്ള പ്രചരണം എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന ഉത്കണ്ഠ മൂലമാണെന്നും ചരിത്രത്തില്‍ ഇല്ലാത്ത അപവാദവും കള്ളവും പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ പാര്‍ട്ടിയെ സംരക്ഷിച്ചത് കാവല്‍ഭടന്മാരായി വന്ന ജനങ്ങളാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ പാര്‍ട്ടിയെ സംരക്ഷിക്കുന്നത്. അന്‍വറിന് അത് മനസ്സിലായിട്ടില്ല. അന്‍വര്‍ വിചാരിച്ചത് നിലമ്പൂരില്‍ സമ്മേളനം വിളിച്ചാല്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങ് വരുമെന്നാണ്. നിലമ്പൂരില്‍ പങ്കെടുത്തത് 30 കമ്മ്യൂണിസ്റ്റുകാരാണ്. അതും പാര്‍ട്ടി അംഗങ്ങളല്ല. പാര്‍ട്ടി സഖാക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നു എന്ന് പറഞ്ഞിട്ട് അഭിസംബോധന ചെയ്തത് എസ്ഡിപിഐയെയും ജമാഅത്ത് ഇസ്ലാമിയെയുമാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

അന്‍വര്‍ ഓര്‍ത്തു വെച്ചോളൂ ജമാഅത്തെ ഇസ്ലാമിയും ലീഗും കോണ്‍ഗ്രസ്സും ഒപ്പം ഉണ്ടാകില്ലെന്ന്. അന്‍വര്‍ സിപിഐഎമ്മിന് ശത്രു ഒന്നുമല്ല. മലപ്പുറത്ത് പോലും ഭിന്നിപ്പിക്കാന്‍ നിങ്ങള്‍ക്ക് ആയിട്ടില്ല. വര്‍ഗീയതയാണ് ഏറ്റവും വലിയ അപകടം. അതിനെ എല്ലാവരെയും ചേര്‍ത്ത് ഫലപ്രദമായി എതിരിടാന്‍ സാധിക്കണം.

പ്രധാനമന്ത്രി വയനാട്ടിലെത്തി സഹായം തരാം എന്നു പറഞ്ഞു പോയി. കേരളം ഒഴികെ മറ്റെല്ലാവര്‍ക്കും സഹായം കിട്ടി. രാഷ്ട്രീയം മൂലമാണ് ഈ അവഗണന. വയനാട് പുനരധിവാസത്തിനായി പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരും. പുനരധിവാസം ചെറിയ കാര്യമല്ല. അതിന് പണം വേണം. കേന്ദ്രം നയാ പൈസ പോലും തരുന്നില്ല. പ്രക്ഷോഭം അല്ലാതെ മറ്റെന്താണ് വഴിയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

കെയര്‍ ടേക്കര്‍ പരാമര്‍ശവും എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. ഗവര്‍ണറുടെ കാലാവധി കഴിഞ്ഞാല്‍ അടുത്ത പിന്‍ഗാമി വരുന്നതുവരെ ഈ ഗവര്‍ണര്‍ക്ക് തുടരാം എന്നാണ് ഭരണഘടനയില്‍ പറയുന്നത്. അപ്പോള്‍ ഈ ഗവര്‍ണര്‍ കെയര്‍ടേക്കര്‍ അല്ലേ. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നുമാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

Content Highlights: MV Govindan wants spot booking in Sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us