തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കിൽ നാളെ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സമഗ്രവും സർവ്വതല സ്പർശിയുമായ പുനരധിവാസമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാവുന്ന രീതിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരുനില വീടുകളാണ് ഇപ്പോൾ പണിയുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം വീടുകൾ പണിയും. മേൽനോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും. ആർക്കെങ്കിലും സഹായം ലഭിക്കാതെ പോയാൽ അതിൽ പരിശോധനകൾ നടത്താൻ സംവിധാനം ഉണ്ട്. അത് ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഏറ്റുപിടിച്ചില്ല. അത് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടമായവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. അതിന് സമയമെടുക്കും. പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സർക്കാർ സംവിധാനങ്ങൾ എല്ലാം രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി. ദേശീയ ദുരന്ത നിവാരണ സേന കൃത്യസമയത്ത് പ്രവർത്തനം ആരംഭിച്ചു. കൃത്യമായ ഏകോപനമാണ് ദുരന്തമുഖത്ത് ഉണ്ടായത്. നാല് മന്ത്രിമാർ ദുരന്തമുഖത്ത് തുടർച്ചയായി ഉണ്ടായി. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെയും തുടർച്ചയായി അവിടെ കണ്ടു. ഓഗസ്റ്റ് 10-നാണ് പ്രധാനമന്ത്രി ദുരന്തമുഖത്തെത്തിയത്. 1200 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് നൽകിയെങ്കിലും പ്രത്യേക ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്രസഹായം ലഭിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും സർക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ വാർത്ത അങ്ങേയറ്റം അപലപനീയമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
Content Highlights: pinarayi vijayan said that will discuss with the opposition on the rehabilitation of Wayanad