കൊച്ചി: വാഹനമിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് നടപടി. കൊച്ചിയിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സെപ്റ്റംബർ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ഭാസിയുടെ കാർ പരാതിക്കാരന്റെ സ്കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ നടനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
നേരത്തെ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണങ്ങൾ കടുത്തിരുന്നു. കേസിൽ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണം സംഘം പറഞ്ഞിരുന്നു. എന്നാൽ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാർട്ടിനും എതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പിന്നീട് അറിയിച്ചിരുന്നു, മറ്റു സിനിമാ താരങ്ങൾ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷൻ മേഖലയിലെ ആർട്ടിസ്റ്റായ ഒരാൾ ഹോട്ടലിൽ എത്തിയിരുന്നു. ലഹരി പാർട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ചത് എളമക്ക സ്വദേശിയായ ബിനു ജോസഫാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും മരട് പൊലീസ് ചോദ്യം ചെയ്തത്. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് ശ്രീനാഥ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഓം പ്രകാശിന്റെ അറസ്റ്റിന് പിന്നാലെയാണ് ലഹരിക്കേസിൽ അന്വേഷണം ശ്രീനാഥ് ഭാസിയിലേക്കും പ്രയാഗയിലേക്കും നീണ്ടത്. ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയിൽ ഇരുവരും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് പുറമേ ഇരുപതോളം പേരാണ് ഈ മുറിയിൽ എത്തിയത്.
Story Highlights: Actor Sreenath Bhasi arrested, granted bail in hit and run case