തിരുവനന്തപുരം: അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ൻവില്ല' സിനിമയിലെ 'കർത്താവിന് സ്തുതി' എന്ന പാട്ടിനെ സംബന്ധിച്ചുള്ള വിമർശനത്തിൽ പ്രതികരിച്ച് നടി ജ്യോതിർമയി. കർത്താവിന് സ്തുതി എന്ന ഗാനം ഏതെങ്കിലും ഒരു വിഭാഗത്തിനെ വേദനിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തത് അല്ലെന്ന് ജ്യോതിർമായി പറഞ്ഞു. ഒരു വിഭാഗത്തെയും വികലമാക്കൻ വേണ്ടി ചെയ്തത് അല്ല. സിനിമ കണ്ടു കഴിഞ്ഞൽ അത് മനസ്സിലാകുമെന്നും ജ്യോതിർമയി പറഞ്ഞു.
ബോഗയ്ൻവില്ല റിലീജിയസ് പോയിന്റിൽ ഉള്ള സിനിമ അല്ലെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കുന്ന സിനിമ അല്ലെന്നും ജ്യോതിർമയി വ്യക്തമാക്കി. സിറോ മലബാർ സഭയാണ് സ്തുതി ഗാനത്തിനെതിരെ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ചിത്രത്തിലെ കർത്താവിന് സ്തുതി എന്ന ഗാനമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനുമാണ് സീറോ മലബാർ സഭാ അൽമായ ഫോറം പരാതി നൽകിയതെന്നാണ് സിറോ മലബാർ സഭ അല്മയ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി പറഞ്ഞത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബോഗയ്‌ന്‍ വില്ല'. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ബോഗയ്ൻവില്ല. വേറിട്ട ലുക്കിലാണ് ജ്യോതിർമയി സിനിമയിൽ എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്‍റെയും ഉദയ പിക്‌ചേഴ്‌സിന്‍റെയും ബാനറില്‍ ജ്യോതിര്‍മയിലും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ആദ്യമായി ഒരു അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ മാസം 17 നാണ് ബോഗയ്ന്‍വില്ല തിയേറ്ററുകളിൽ എത്തുന്നത്.