കല്‍പാത്തി: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എം പി. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബര്‍ പതിമൂന്നിന് വോട്ടോടുപ്പ് നടക്കുന്നത് അനുയോജ്യമായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി നീട്ടണം എന്നല്ല ആവശ്യപ്പെടുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നേരത്തേ ആക്കുന്നതായിരിക്കും ഉചിതം. കല്‍പാത്തി രഥോത്സവം നടക്കുന്ന നവംബര്‍ 13, 14, 15 ദിവങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തും. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് കല്‍പാത്തി. മാത്രവുമല്ല അവിടങ്ങളില്‍ നിരവധി പോളിങ് ബൂത്തുകളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സംസാരിച്ചിട്ടുണ്ട്. കളക്ടറെ കാര്യങ്ങള്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ സ്ഥാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. സംസ്ഥാന തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് സ്വീകരിക്കേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. കൽപാത്തി രഥോത്സവം നടക്കുന്നതിനാൽ തീയതി മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം ബോധിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
നവംബര്‍ പതിമൂന്നിനാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ച് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി ഷാഫി പറമ്പിലും ബിജെപിയും രംഗത്തെത്തിയത്.
Content Highlights- election commission will change date of palakkad byelection says shafi parambil