കൊച്ചി:ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. തെളിവുകള്‍ പരിഗണിക്കാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാങ്കേതിക കാരണങ്ങളാല്‍ ക്രൂരമായ കുറ്റകൃത്യത്തെ ലഘൂകരിക്കരുതെന്നും ഇത് നീതിന്യായ വ്യവസ്ഥയെ താളം തെറ്റിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.
അവകാശങ്ങളെ മാനിക്കാതിരിക്കുന്നത് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും കോടതി പറഞ്ഞു. പ്രതികളെ കുറ്റവിമുക്തരാക്കുന്നത് തെറ്റും അപകടകരവുമായ സന്ദേശം നല്‍കും. നിയമവാഴ്ചയില്ലെന്ന സന്ദേശം സമൂഹത്തിലേക്ക് പടരാനിടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കും, 15, 16 പ്രതികള്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നല്‍കണം.
2015 ജനുവരി 22ന് ആണ് സംഭവം നടന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും പന്ത്രണ്ട് മുതല്‍ പതിനേഴ് വരെയുള്ള പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്. കേസില്‍ 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമര്‍പ്പിച്ചത്.
2016 മെയില്‍ കേസിലെ പ്രതികളെ എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ വെറുതെ വിട്ടത്. ഇതിനെതിരെ ഷിബിന്റെ പിതാവും പ്രോസിക്യൂഷനുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
Content Highlights- hc division bench slam trial court on thuneri shibin murder case