'ഇത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ്'; കേരളത്തിൽ ജയിക്കാനുള്ള സാഹചര്യമെന്ന് കെ സി വേണുഗോപാൽ

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍

dot image

ന്യൂഡല്‍ഹി: ജാര്‍ഘണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും കേരള ഉപതിരഞ്ഞെടുപ്പുകളിലും ആത്മവിശ്വാസമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാമനിര്‍ദേശം നല്‍കാന്‍ പ്രിയങ്കാ ഗാന്ധി കേരളത്തിലെത്തുമെന്നും ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്ക ഗാന്ധി പ്രചരണത്തിന് വേണമെന്നും അതുകൊണ്ട് വയനാട്ടില്‍ ക്യാമ്പ് ചെയ്തുള്ള പ്രവര്‍ത്തനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ആര്‍ക്കും സ്ഥാനാര്‍ത്ഥിയാണെന്ന് പറയാന്‍ പറ്റില്ല. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'വലിയ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസും മുന്നണിയും മഹാവികാസ് അഘാഡിയും മുന്നോട്ട് പോകുന്നത്. നിരീക്ഷകരെ നിശ്ചയിച്ചിട്ടുണ്ട്. അവര്‍ നാളെ തന്നെ സംസ്ഥാനങ്ങളിലേക്ക് നീങ്ങുകയാണ്. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേരളത്തില്‍ ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസി പട്ടിക കൈമാറിയാല്‍ അതിനുള്ള നടപടികളുണ്ടാകും. കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടി തീരുമാനങ്ങളെടുത്തിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള നിര്‍ദേശം വരും. കോണ്‍ഗ്രസ് അധ്യക്ഷനും കോണ്‍ഗ്രസിന്റെ നേതാക്കളും തീരുമാനിക്കുന്നതിന് അനുസരിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. നാമനിര്‍ദേശം നല്‍കാനായിരിക്കും പ്രിയങ്കാ ഗാന്ധി കേരളത്തിലെത്തുക. രാഹുല്‍ ഗാന്ധിയും കൂടെയുണ്ടാകും. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും പ്രിയങ്ക ഗാന്ധി പ്രചരണത്തിന് വേണം. അതുകൊണ്ട് വയനാട്ടില്‍ ക്യാമ്പ് ചെയ്ത് കൊണ്ടുള്ള പ്രവര്‍ത്തനം ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ പ്രിയങ്കാ ജിയുടെ തികഞ്ഞ സാന്നിധ്യം അവിടെയുണ്ടാകും', കെ സി വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നാളെ മഹാരാഷ്ട്രയില്‍ അന്തിമ തീരുമാനം നടക്കുന്നുണ്ട്. എല്ലാ പാര്‍ട്ടികളും മത്സരിക്കുന്നത് ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടിയാണെന്നും അതില്‍ കുറ്റം പറയാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ പാലക്കാട് നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കേരളത്തിലെ മൂന്ന് സീറ്റും യുഡിഎഫിന് ജയിക്കാന്‍ സാധിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മനസിലാകുന്ന എല്ലാവര്‍ക്കുമറിയാമെന്നും ഇത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പായിരിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഇതുവരെ ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. അതില്‍ ഞങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. അതിന് ശേഷം ഞങ്ങള്‍ ഒരു ടെക്‌നിക്കല്‍ ടീമിനെ വെച്ചിട്ടുണ്ട്. അവര്‍ ബൂത്തുകള്‍ തോറും സന്ദര്‍ശിക്കുകയാണ്. അവര്‍ ഡാറ്റകള്‍ ശേഖരിക്കുകയാണ്. അത് ഞങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വെക്കും. ഹരിയാനയും മഹാരാഷ്ട്രയും ഒന്നിച്ചായിരുന്നു കഴിഞ്ഞ തവണ തിരഞ്ഞെടുപ്പുണ്ടായത്. ഇത്തവണ അത് മാറ്റി. മഹാരാഷ്ട്രയില്‍ അനുവദിക്കാന്‍ പറ്റുന്ന അത്രയും സമയം നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത അവര്‍ തന്നെ കളയുന്നു', കെ സി വേണുഗോപാല്‍ പറഞ്ഞു.

Content Highlights: K C Venugopal says congress will win in by election in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us