തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. പാലക്കാട് ഒരു ആണ്‍കുട്ടി പോലും മത്സരിക്കാനില്ലേ എന്നാണ് പത്മജാ വേണുഗോപാല്‍ ചോദിച്ചത്. കെ കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് തങ്ങളുടെ അമ്മയെ കരിവാരിപൂശിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളോ എന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു.
സഹോദരനും മുതിര്‍ന്ന നേതാവുമായ കെ മുരളീധരന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല എന്ന് താന്‍ നേരത്തേ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരന് സീറ്റ് നിഷേധിച്ചുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് തൊട്ടുപിന്നാലെയാണ് പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുമാണ് മത്സരിക്കുക. നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞത് സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി തന്നില്‍ വീണ്ടുമൊരു ഉത്തരവാദിത്തം ഏല്‍പിച്ചിരിക്കുകയാണെന്നും ചേലക്കരയിലെ ഫലം യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും രമ്യ ഹരിദാസും പറഞ്ഞിരുന്നു.
Content Highlights- padmaja venugopal slam congress on rahul mamkootathil candidateship