ചെങ്കൊടി പിടിക്കുന്ന പ്രവര്‍ത്തകൻ പോലും ആഗ്രഹിക്കുന്നത് ചേലക്കരയിലെ മാറ്റമാണ്; വലിയ ആത്മവിശ്വാസമുണ്ടെന്ന് രമ്യ

ചേലക്കരയില്‍ സ്‌നേഹമുള്ള ആളുകള്‍ നല്‍കിയ പിന്തുണയായിരിക്കാം പാര്‍ട്ടി ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതിലേക്ക് നയിച്ചതെന്നും രമ്യ

dot image

ചേലക്കര: കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്ന വിജയമായിരിക്കും കോണ്‍ഗ്രസ് ചേലക്കരയില്‍ നേടുകയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചേലക്കരയിലെ ആളുകളുടെ സ്‌നേഹവും പിന്തുണയുമായിരിക്കാം പാര്‍ട്ടീ തീരുമാനത്തിന് പിന്നിലെന്നും രമ്യ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞുവെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമ്യ ഹരിദാസ്.

'ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജനങ്ങളോടൊപ്പം സഞ്ചരിക്കാനും അനുഭവങ്ങള്‍ പങ്കുവെക്കാനും സുഖ- ദുഖങ്ങളില്‍ പങ്കാളിയായി യാത്ര ചെയ്യാനും സാധിച്ച ഒരാളെന്ന രീതിയില്‍, കോണ്‍ഗ്രസിന്റെ ഒരു എളിയ പ്രവര്‍ത്തക എന്ന രീതിയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായാണ് തുടക്കം കുറിക്കുന്നത്. നാല് വര്‍ഷത്തോളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഇരിക്കുമ്പോഴാണ് 2019ല്‍ ഇടതുപക്ഷത്തിന് സ്വാധീനമുള്ള ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പാര്‍ട്ടി അവസരം നല്‍കിയത്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചു.

ചേലക്കരയില്‍ സ്‌നേഹമുള്ള ആളുകള്‍ നല്‍കിയ പിന്തുണയായിരിക്കാം പാര്‍ട്ടി ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് മനസിലാക്കുന്നത്. ചേലക്കരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഏറ്റവും അടിത്തട്ടുള്ള സാധാരണക്കാരനും, കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന ഏറ്റവും സാധാരണ പ്രവര്‍ത്തകരുമൊക്കെ ആഗ്രഹിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമായിരിക്കും ചേലക്കരയിലേത്', രമ്യ പറഞ്ഞു.

പ്രസ്ഥാനം സാധാരണക്കാരിയായ തന്നെ വലിയ അംഗീകാരം നല്‍കി കൈപ്പിടിച്ച് നടത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസിയില്‍ നിന്ന് രണ്ട് പേര്‍ക്ക് ചുമതല നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മണ്ഡലത്തെക്കുറിച്ച് താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പോലും നേരിട്ട് കണ്ട് അവര്‍ പഠിച്ചെടുത്ത റിപ്പോര്‍ട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും രമ്യ പറഞ്ഞു.

'കഴിഞ്ഞ കുറേ കാലമായി വലിയ ആവേശത്തോടെ കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. നേരത്തെ ഒരു പരിപാടി കഴിഞ്ഞ് പോകുമ്പോള്‍, ' ഞാനൊരു സഖാവാണ്, ഒരു പ്രാദേശിക പ്രവര്‍ത്തകനാണ്, പക്ഷേ ഞങ്ങളുടെ മനസ് പോലും കോണ്‍ഗ്രസ് വരണമെന്ന് ആഗ്രഹിക്കുകയാണ്' എന്നൊരാള്‍ പറഞ്ഞ വാക്ക് കേട്ടാണ് മാധ്യമങ്ങളുടെ മുന്നിലേക്ക് വരുന്നത്. അവര്‍ നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. താഴെത്തട്ടില്‍ ചെങ്കൊടി പിടിക്കുന്ന പ്രവര്‍ത്തകന്‍ പോലും ആഗ്രഹിക്കുന്നത് ചേലക്കരയിലെ മാറ്റമാണ്. അത് കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നാണ് വിശ്വാസം', രമ്യ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം കേരളത്തില്‍ നിന്നായതില്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'രാഹുല്‍ ജി ഹൃദയത്തില്‍ സൂക്ഷിച്ച വയനാടില്‍ നിന്ന് പ്രിയങ്കാ ജി കൂടി മത്സരിക്കുമ്പോള്‍ അത് ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. കാരണം, സ്വന്തം അച്ഛന്റെ നെറ്റിയില്‍ അവസാനമൊരു ചുംബനം നല്‍കാന്‍ കഴിയാതെ പോയ പ്രിയങ്കാ ജി കൂടി മത്സരിക്കുകയാണ്. അത് ഞങ്ങള്‍ക്ക് വലിയ ആവേശമാണ്', രമ്യ പറഞ്ഞു.

Content Highlights: Ramya Haridas responds after candidate declaration

dot image
To advertise here,contact us
dot image