തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. കേരള തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെ ജാഗ്രതാ നിർദേശമുണ്ട്. ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: chance for Swell surge phenomenon in kerala