ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച. കെ റെയിലും സില്‍വര്‍ ലൈനും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചതായി മന്ത്രി വി അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഉന്നയിച്ച വിഷയങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താമെന്ന് റെയില്‍വേമന്ത്രി അറിയിച്ചതായും അബ്ദുറഹിമാന്‍ വ്യക്തമാക്കി.
അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, സില്‍വന്‍ ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച. ചര്‍ച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയില്‍ പാത വികസനവുമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളില്‍ അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.
Content Highlights: Chief Minister Pinarayi Vijayan met Union Railway Minister Ashwini Vaishnav