സരിന് ഇടത് പിന്തുണയോ? തള്ളാതെ സിപിഐഎം; 'ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും'

'കോൺഗ്രസ് സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചതിൻ്റെ ഗുണമാണ് ഇപ്പോൾ കാണുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാത്തത് നന്നായില്ലേ'

dot image

തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇ‍ടഞ്ഞ പി സരിൻ സിപിഐഎമ്മിലേക്കെന്ന് സൂചന. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് സിപിഐഎം നേതാവ് എം ബി രാജേഷിന്റെ പ്രതികരണം. കോൺഗ്രസിന്റെ പ്രതിസന്ധി ആഴമേറിയതാണ്. പൊട്ടിത്തെറി പ്രതീക്ഷിച്ച് തന്നെയാണ് രാഹുലിനെ സ്ഥാനാർഥി ആക്കിയത്. പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കില്ല. വടകരയിലെ സഹായത്തിനുള്ള പ്രത്യുപകാരം കിട്ടിയെന്നും രാഹുൽ ദുർബലനാണെന്നും എം ബി രാജേഷ് പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് അധഃപതിച്ചുവെന്നും അദ്ദേഹം പറ‍ഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിച്ചതിൻ്റെ ഗുണമാണ് ഇപ്പോൾ കാണുന്നത്. പാർട്ടി സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കാത്തത് നന്നായില്ലേ എന്നും എം ബി രാജേഷ് ചോദിച്ചു.

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും പ്രതിപക്ഷ നേതാവ് അടക്കമുള്ള മുതിർന്ന നേതാക്കൾ അവഗണിച്ചെന്നതുൾപ്പെടെയുള്ള ​ഗുരുതര ആരോപണങ്ങൾ പി സരിൻ ഉന്നയിച്ചിരുന്നു. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'ചില ആളുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി തീരുമാനങ്ങളുടെ ബലാബലത്തില്‍ ജയിച്ച് കയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ എട്ടാം തീയതി നടന്ന ഹരിയാന ആവര്‍ത്തിക്കുമോയെന്ന ഉള്‍ഭയമുണ്ട്. എല്ലാവരും പറയുന്നുണ്ട് 2026ന്റെ സെമിഫൈനലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പെന്ന്. തോറ്റാല്‍ എന്ത് ചെയ്യുമെന്ന് ആരും ആലോചിക്കുന്നില്ല. ഞാന്‍ പറയുന്നത്, എന്റേയാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധങ്ങള്‍ വകവെച്ച് കിട്ടുമെന്ന് മുന്‍കാല ബോധ്യങ്ങളില്‍ നിന്ന് ചിലര്‍ക്ക് വന്നെങ്കില്‍ അത് വകവെച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് എനിക്ക് കൃത്യമായി മനസിലായി.

ആ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് ചില കാര്യങ്ങള്‍ നടത്തിയെടുക്കാമെന്ന് വിചാരിച്ചാല്‍, വില കൊടുക്കേണ്ടത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്ന ബോധ്യം ഉണ്ടാകണം. ആരെങ്കിലും തിരുത്തിയില്ലെങ്കില്‍ നവംബര്‍ 23നുള്ള ഫലം ഒരുപക്ഷേ കയ്യില്‍ നില്‍ക്കില്ല', പി സരിൻ പറഞ്ഞു.

സ്ഥാനാര്‍ത്ഥി ചര്‍ച്ച ഒരു പ്രഹസനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് വിചാരമെന്നും സമൂഹത്തെ നേര്‍ വഴിക്ക് നയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗം സഹിക്കാന്‍ അറിയണമെന്നും ജയിലില്‍ കഴിയുന്നതല്ല ത്യാഗമെന്നും സരിന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് അടിച്ചിട്ടില്ലെന്നും സരിൻ പ്രതികരിച്ചിരുന്നു.

Content Highlight: CPIM to support P Sarin: MB Rajesh says will decide accordingly

dot image
To advertise here,contact us
dot image