തൃശ്ശൂര്‍:ചേലക്കര നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില് രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ രമ്യാ ഹരിദാസ് പ്രചരണം ആരംഭിക്കുകയും ചെയ്തു. മുന്‍പ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുള്ള കെ എ തുളസിയെയും മുന്‍ എംഎല്‍എ വി പി സജീന്ദ്രനെയും മറികടന്നാണ് രമ്യയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ കെ രാധാകൃഷ്ണന്റെ ലീഡ് 5173ലേക്ക് ചുരുക്കിയ പ്രകടനമാണ് രമ്യയെ ഉപതിരഞ്ഞെടുപ്പില് പരിഗണിക്കാനുള്ള പ്രധാന കാരണം.
കെ രാധാകൃഷ്ണന് സ്വന്തം ബൂത്തില് പിന്നിലേക്ക് പോയിരുന്നു. കെ രാധാകൃഷ്ണന് വോട്ടു ചെയ്ത ചേലക്കര തോന്നൂര്‍ എയുപി സ്‌കൂളിലെ 75 ാം നമ്പര് ബൂത്തില് അദ്ദേഹത്തിന് കിട്ടിയ വോട്ട് 299 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് കിട്ടിയത് 308 വോട്ടുമാണ്. രാധാകൃഷ്ണന്റെ പഞ്ചായത്തിലും രമ്യയാണ് ലീഡ് നേടിയത്. ചേലക്കര പഞ്ചായത്തില് 367 വോട്ടിന്റെ ലീഡാണ് രമ്യ നേടിയത്.
നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില് ആറ് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ലീഡ് നേടിയത്. മൂന്ന് പഞ്ചായത്തുകളില് യുഡിഎഫും ലീഡ് നേടി. വരവൂര്‍ പഞ്ചായത്തില് 1167 വോട്ടിന്റെ ലീഡാണ് നേടിയത്. വള്ളത്തോള്‍ നഗറില്‍ 1405ഉം പാഞ്ഞാള്‍ പഞ്ചായത്തില് 952ഉം കൊണ്ടാഴി പഞ്ചായത്തില്‍ 1176ഉം തിരുവില്വാമല പഞ്ചായത്തില്‍ 1029ഉം വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി. എല്‍ഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന ദേശമംഗലം പഞ്ചായത്തില്‍ 148 വോട്ടിന്റെ ലീഡ് മാത്രമാണ് എല്ഡിഎഫിന് നേടാനായത്. ചേലക്കര പഞ്ചായത്തിലും മുള്ളൂര്‍ക്കര പഞ്ചായത്തിലും പഴയന്നൂര്‍ പഞ്ചായത്തിലുമാണ് യുഡിഎഫ് ലീഡ് നേടിയത്. മുള്ളൂര്‍ക്കരയില്‍ 255ഉം പഴയന്നൂരില്‍ 82 വോട്ടിന്റെയും ലീഡാണ് യുഡിഎഫിന് ലഭിച്ചത്.
നേരത്തെ രാധാകൃഷ്ണന് മത്സര രംഗത്ത് നിന്ന് മാറി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യുആര്‍ പ്രദീപ് വന്നപ്പോള് വിജയിച്ചത് 10,200 വോട്ടിനായിരുന്നു. അതിന് മുന്‍പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇതേ വോട്ട് തന്നെയായിരുന്നു എല്‍ഡിഎഫിന് മണ്ഡലത്തില് ലീഡ് ലഭിച്ചത്. രാധാകൃഷ്ണന്‍ മാറുന്ന സാഹചര്യത്തില് എല്‍ഡിഎഫിന്റെ 10000 വോട്ടിന്റെ ലീഡ് മറികടക്കുന്ന മത്സരമാണ് ഇവിടെ കാഴ്ചവെക്കേണ്ടത് എന്ന കാഴ്ചപ്പാടാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്. അതിന് രമ്യയ്ക്ക് കഴിയുമെന്നും അവര്‍ പ്രതീക്ഷ വെക്കുന്നു. രാധാകൃഷ്ണന് ലഭിച്ചത് 5173 വോട്ടിന്റെ ലീഡ് മാത്രമാണ് എന്നതും യുഡിഎഫിനെ സന്തോഷിപ്പിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില് രമ്യ ഹരിദാസിനെതിരെ വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളില് ഒരു വിഭാഗം നേതാക്കള്‍ തിരിഞ്ഞിരുന്നു. എന്നാല്‍ ചേലക്കര നിയോജക മണ്ഡലങ്ങളില് അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളിലും യുവനേതാക്കള്‍ എത്തിയിരുന്നു. മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകള് എല്‍ഡിഎഫ് ഭരിക്കുമ്പോള് മൂന്ന് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം.
1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില് കെ രാധാകൃഷ്ണന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ല്‍ രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന് വിജയിച്ചത്.