പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തുവന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിനെതിരെ കെപിസിസി. സരിന്റേത് അച്ചട ലംഘനമെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. കെപിസിസി നേതൃത്വവും എഐസിസിയുമായുള്ള കൂടിയാലോചനയിലാണ് തീരുമാനം.
സരിന്റെ നിലപാട് എഐസിസി തീരുമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കെപിസിസി. തുടര്‍ നടപടി എഐസിസിയുമായി കൂടിയാലോചിച്ച് നടത്തും. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണെന്നും അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നുമാണ് കെപിസിസി വിലയിരുത്തല്‍.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തി പരസ്യപ്പെടുത്തി സരിൻ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇക്കാര്യം സൂചിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ചില കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചാലുള്ള അപകടത്തെക്കുറിച്ച് താൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സരിൻ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ല. ഇനിയും പുനപരിശോധിക്കാന്‍ അവസരമുണ്ട്. പരിശോധിക്കണം. ജയിച്ചേ പറ്റൂ. അല്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ അതിന്റെ അടിവേര് അറുക്കാന്‍ പുറപ്പെട്ട മനുഷ്യനെ കേരളത്തില്‍ കോണ്‍ഗ്രസ് തോല്‍പ്പിക്കരുതെന്നും സരിൻ പറഞ്ഞു
ബിജെപിക്ക് വോട്ട് കിട്ടുന്നതും അഡ്രസ് ചെയ്യണമെന്നും സരിൻ കൂട്ടിച്ചേർത്തു. അത് കോണ്‍ഗ്രസ് അല്ലാതെ വേറെ ആരാണ് അഡ്രസ് ചെയ്യുക. അത് അഡ്രസ് ചെയ്യുന്ന സമയത്ത് തോന്നിവാസം കാണിക്കുക, ആ തോന്നിവാസത്തിനനുസരിച്ച് കയ്യടിക്കാനാളുകളുണ്ടാകുക, അതാണ് തീരുമാനമെന്ന് പറഞ്ഞ് തീരുമാനിക്കുക. അതൊന്നും നടക്കില്ല. പാര്‍ട്ടി പുനപരിശോധിക്കണം. പുനപരിശോധിച്ച ശേഷം രാഹുല്‍ മാങ്കൂട്ടത്തിലാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് പകുതി ജയിച്ചു. ഈ വോട്ടര്‍മാര്‍ക്ക് വിശ്വാസം നല്‍കണം. സ്ഥാനാര്‍ത്ഥിയെ ആരും കെട്ടിയിറക്കിയതല്ല ഞങ്ങളുടെ കൂട്ടായ തീരുമാനമാണെന്നും ഈ സ്ഥാനാര്‍ത്ഥി ജയിച്ച് വരേണ്ടത് പാലക്കാടിന്റെ ജനാധിപത്യ ബോധ്യത്തിന്റെ ആവശ്യമാണെന്നുമുള്ള വിശ്വാസം നല്‍കണം. അങ്ങനെ പറഞ്ഞിട്ട് സ്ഥാനാര്‍ത്തിയെ അവതരിപ്പിക്കാന്‍ പറ്റണം', സരിന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി ചര്‍ച്ച ഒരു പ്രഹസനമായിരുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് വിചാരമെന്നും സമൂഹത്തെ നേര്‍ വഴിക്ക് നയിക്കാന്‍ കഴിയണമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. ത്യാഗം സഹിക്കാന്‍ അറിയണമെന്നും ജയിലില്‍ കഴിയുന്നതല്ല ത്യാഗമെന്നും സരിന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് അടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights: KPCC against P Sarin in allegation on Palakkad candidacy