തിരുവനന്തപുരം: പി വി അൻവറിന്റെ ഡിഎംകെയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ കെപിസിസി സെക്രട്ടറി എൻ കെ സുധീർ. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിക്കുമെന്ന് എൻ കെ സുധീർ റിപ്പോർട്ടറിനോട് പറഞ്ഞു.
പി വി അൻവർ വീട്ടിൽ വന്ന് കൂടിക്കാഴ്ച നടത്തി. മുമ്പ് ആലത്തൂരിൽ നിന്നും മത്സരിച്ചയാളാണ് താൻ. അന്ന് ചെറിയ വോട്ടിനാണ് പരാജയപ്പെട്ടത്. എന്നാൽ അതിന് ശേഷം പാർട്ടി ഒരിക്കലും തന്നെ പരിഗണിച്ചിട്ടില്ല. സ്ഥാനാർഥിയാക്കാമെന്ന് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് നേരത്തെ ഓഫർ ഉണ്ടായിരുന്നു.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കി. ഇതോടെയാണ് പി വി അൻവറിന്റെ പാർട്ടിയുടെ ഭാഗമായി മത്സരിക്കാൻ തീരുമാനിച്ചത്. സ്ഥാനാർഥിയാകാൻ ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് പട്ടികജാതിക്കാരെ കാണുന്നത് പോലും ഇഷ്ടമല്ല. എന്തോ വിരോധമാണ് അവരോട്. ചേലക്കരയിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകും. സ്ഥാനാർത്ഥി പ്രഖ്യാപന സമയത്ത് പി വി അൻവറും ഉണ്ടാകും. തിരുവില്വാമലയിൽ നിന്നും ക്യാംപയിൻ തുടങ്ങും.
നാളെയോടെ കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളും രാജിവെക്കും. ഒരു ഉപാധിയുമില്ലാതെയാണ് ഡിഎംകെയ്ക്കൊപ്പം പ്രവർത്തിക്കുന്നതെന്നും തനിക്ക് യാതൊരു ഓഫറും അൻവർ മുന്നോട്ട് വച്ചിട്ടില്ലെന്നും സൂധീർ വ്യക്തമാക്കി. പി വി അൻവർ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കോൺഗ്രസ് നേതാവ് പി സരിൻ കോൺഗ്രസിനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് എൻ കെ സുധീറും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിജയം പ്രതീക്ഷിച്ചിരിക്കുന്ന കോൺഗ്രസിന് ഇരു നേതാക്കളുടെയും നീക്കം ക്ഷണമുണ്ടാക്കും.
Content Highlight: KPCC Secretary NK Sudheer will contest as DMK's independent candidate in Chelakkara